അരുളപ്പാട്

എന്റെ കാഴ്‌ചയുടെ
കണ്‍വട്ട*കക്കകത്ത്‌്‌
തിളച്ചു വേവുന്നത്‌,
കാഴ്‌ച്ചകള്‍ മുറിഞ്ഞ
നിന്റെ കണ്ണുകളാണ്‌.

കാഴ്‌ചക്കപ്പുറം
നീ നിനക്കാതിരിക്കാന്‍
കണ്ണെന്ന കമ്പിവേലി കൂടുനല്‍കി.
ഇമകള്‍ ചേര്‍ത്തടക്കുക;
ശേഷം കാണുക
കാഴ്‌ചയുടെ കാണാപ്പുറങ്ങള്‍.
അപ്പോള്‍
കനിവുറവകള്‍ പൊടിയുന്ന
കാഴ്‌ച്ചയുടെ വക്കിലൊരു വേദന
കിനിയാന്‍ തുടങ്ങും.

ധവള സമൂഹം
കാഴ്‌ച്ചയുടെ കണ്ണട ധരിച്ചാല്‍
നേര്‍ക്കാഴ്‌ച്ച നഷ്ടമായ കാക്കയാണ്‌.
ചാഞ്ഞും ചരിഞ്ഞും
വശങ്ങളിലൂടെയത്‌ കണ്ണെറിയും.
നിന്റെ കാഴ്‌ചയിലൊന്നിനെ
കൊത്തിത്തിന്നതിന്‍ബാക്കി
ആരും എത്താത്ത ശിഖിരങ്ങളില്‍
ചീഞ്ഞളിയാനും മണക്കാനും
പാകത്തില്‍ നിവര്‍ത്തിയിടും.
അല്ലെന്ന്‌
അങ്ങനെയൊന്നുമല്ലെന്ന്‌
അലറി പറഞ്ഞാലും
അനങ്ങാതിരുന്നാലും
പറ്റങ്ങളില്‍നിന്നും നീ
ഒറ്റയായ്‌പോകും.

പുതിയവയ്‌ക്കായ്‌
മങ്ങിയും തെളിഞ്ഞും
കാഴ്‌ച്ചകള്‍
കണ്ണില്‍ തലതല്ലി മരിക്കുന്നു.
കണ്ണടച്ചു ചേര്‍ത്തുവയ്‌ക്കണോ?
കണ്‍തുറന്ന്‌ അടര്‍ത്തിമാറ്റണോ?
രണ്ടായാലും ദൈവമേ
എന്റെ കാഴ്‌ചക്കൊരു
കറുത്ത ശീലയുടെ
തണലു വേണം
ഒറ്റയായ്‌ പോകുമ്പോള്‍
കണ്ണു കലങ്ങാതിരിക്കുവാനതിനു ചൂറ്റും
തെളിമയുടെ വെള്ളം ചേര്‍ക്കണം.

* ചെറിയ ചെമ്പ്‌ പോലുള്ള പാത്രം

ഒറ്റയാന്‍

മുടിഞ്ഞ
മഴയുടെ മടിയില്‍,
നനഞ്ഞു തൂങ്ങിയൊരു
ഗുഡ്‌ മോണിങ്ങ്‌ കൊടുത്ത്‌
അവരെ മുഴുവന്‍
ഒറ്റയടിക്ക്‌ ഞാന്‍ ഒഴിവാക്കി.

കത്തുന്ന
പകലിന്റെ പാതിയില്‍,
ചാരം തൂളിയ
സോറി പറഞ്ഞ്‌
എനിക്കു മുമ്പിലെ
അധികാരികളെ മുഴുവന്‍
ഞാന്‍ പാട്ടിലാക്കി.

110 കെ.വി. ചിരിയുടെ
താങ്ക്‌സും കത്തിച്ച്‌
മുഴുവന്‍ ആനുകൂല്യങ്ങളിലും
വെളളപൂശി,
അവയെ മുഴുവന്‍ ഞാന്‍
കൈകിലാക്കി.

മുഷിഞ്ഞുനാറിയ
ദിനത്തിനറുതിയില്‍
പാതിമുറിയാറായ
ഒരു ഗുഡ്‌നൈറ്റും
കൊടുത്ത്‌
എന്നെതന്നെ ഞാന്‍
ഒഴിവാക്കി.

അമ്മ

അമ്മ
അലിഞ്ഞിറങ്ങുന്ന ആഴം.

ആളിക്കത്തി-
അമര്‍ന്നുപോകുമ്പോഴും
തേങ്ങിത്തേങ്ങി തെളിയാന്‍ ശ്രമിക്കുന്ന
പൊളംപൊന്തിയ മെഴുകുതിരി.

പൊടിഞ്ഞുകത്തുന്ന
നെരിപ്പോടായും
ഉലാത്തുന്ന വെളുമ്പി
നിലാവായും
ഉറഞ്ഞുത്തുള്ളുന്ന
ഉഷ്‌ണമായും
കീറിപ്പറിഞ്ഞ
മേഘങ്ങള്‍ക്കു താഴെ
തണലായും
ഋതുക്കളാകുന്നു
അമ്മ.
********************
പിന്നെപ്പിന്നെ
എന്നുമുതലാണ്‌
ഞാനെന്റെ
അമ്മയെ 'സ്‌നേഹാലയ'ത്തില്‍
ചെന്നു കാണാന്‍ തുടങ്ങിയത്‌.

മഴ

മഴ
മടിയന്റെ കണ്ണീരും
വിശക്കുന്നവന്റെ പട്ടിണിയുമാണ്‌.
മണ്ണില്ലാത്തവന്റെ കുഴിമാടവും
കൂട്ടം പിരിഞ്ഞവന്റെ
സഹചാരിയുമാണ്‌.

- കുട്ടൂക്കാരന്‍* -

മഴ
ഒരു വിഷമഭുജമാണ്‌.
ചീറിയടുത്ത്‌,
തോറ്റ്‌ തൊപ്പിയിട്ട്‌
കരഞ്ഞുമടങ്ങുന്ന കടലാണതിന്റെ
തുടക്കവും ഒടുക്കവും
ആദ്യവും അന്തവും നഷ്ടമായ
എന്റെ കൈയിലെ വളമാതിരി.

- അവള്‍ -

മഴ
വെയിലേറ്റു
നരച്ച വിരസതയാണ്‌.
വേനലിന്റെ നുരയും പതയുമാണ്‌.
മുതുക്കരുടെ കഷ്ടങ്ങള്‍
നിറഞ്ഞ പിറുപിറുക്കലാണ്‌.

- അമ്മ -

മഴ
മാനത്തിന്‌
ചിരുപൊട്ടുമ്പോള്‍
കൊലുസിന്‍ കിലുക്കത്തില്‍
തെറിച്ച കൊച്ചുനക്ഷത്രതുണ്ടുകളാണ്‌.

കടലാസുവഞ്ചിയില്‍ മഴ മുഴുവന്‍
ഞാന്‍ തുഴഞ്ഞ്‌ സഞ്ചരിച്ചിട്ടുണ്ട്‌
എന്റെ കടലാസുവിമാനങ്ങള്‍
മഴയില്‍ തണുത്തു വിറങ്ങലിച്ച്‌ മരിച്ചിട്ടുണ്ട്‌.
എന്നാലും മഴേടെ കഥപറഞ്ഞുള്ള-
കൂനികൂടി നടപ്പ്‌
എനിക്ക്‌ ഇഷ്ടമാണ്‌.

കണ്ണില്‍
മഴയുടെ നിറപെയ്‌ത്തുകള്‍
പിന്നീടായിരുന്നു
അവ്യക്തമായ
രൂപങ്‌ളില്‍ അപ്പോഴും
മഴ താളംപിടിച്ചുകൊണ്ടിരിക്കും;
ഒന്നും അറിയാത്തപ്പോലെ.