വാക്ക്

വാക്ക്‌
മൗനത്തിന്റെ തൊലിപ്പുറം
നൂലു മുറിഞ്ഞ നിറം തിങ്ങിയ പട്ടം.

ആര്‍ത്തലച്ചും
പെരുകിപെയ്‌തും
പൊട്ടിചിതറിയും
അലിഞ്ഞില്ലാതാകാന്‍
മരിക്കാന്‍ പിടയുന്ന പല്ലിവാലാണ്‌
വാക്ക്‌.

എപ്പോഴും വാക്ക്‌
ഒരു കനലൂതിച്ചുവപ്പിക്കാറുണ്ട്‌.

നുണകള്‍
നേരുകള്‍
നെറികേടുകള്‍
കയറ്റിറക്കങ്ങള്‍ക്കിടയിലെ
നീണ്ട സമതലങ്ങള്‍
സുഖദു:ഖങ്ങള്‍ക്കിടയില്‍
ഒഴിഞ്ഞുകിടക്കുന്ന
നിഷ്‌ക്രിയത്വങ്ങള്‍.
അങ്ങനെ എല്ലാം
വാക്കാണ്‌ വരച്ചു വച്ചത്‌.

ഉറക്കെയും
പതുക്കെയും
പറഞ്ഞാല്‍
ഒന്നില്‍നിന്ന്‌ പലതായ്‌ വിടരുന്ന
അര്‍ത്ഥം കുഴിച്ചിട്ട ഖനിപ്പുരകളാണ്‌
വാക്കുകള്‍.

പൊട്ടിയൊലിച്ച
വാക്കിനു താഴെനിന്ന്‌
മുഖംപൊത്തി കരഞ്ഞവരുണ്ട്‌.
അരങ്ങിലും
അണിയറയിലും
വാക്കിന്‍പ്പത്തി-
കൊണ്ടടികിട്ടി മരിച്ചവരുണ്ട്‌.

ചുറ്റിയും
ചിതറിയും
വശങ്ങളിലൂടെ
സ്ഥാനാസ്ഥാനങ്ങളില്‍
വാക്ക്‌ അള്ളിപിടിച്ച്‌ കയറാറുണ്ട്‌.
ചിരിയിലും
ചിന്തയിലും
വാക്ക്‌ നിറഞ്ഞ്‌
തിമിര്‍ത്താടാറുണ്ട്‌.

ഇത്രയൊക്കെയായിട്ടും
എന്റെ ദൈവമേ
നിന്നു കിതച്ചിട്ടുണ്ട്‌
ഒരു വാക്കു കിട്ടാതെ.

8 comments:

  1. വാക്കുകള്‍.... നല്ലത്..

    ReplyDelete
  2. മരിക്കാന്‍ പിടയുന്ന പല്ലിവാലാണ്‌
    വാക്ക്‌.

    ReplyDelete
  3. വളരെ നന്നായി..എനിക്കും വാക്കുകള്‍ കിട്ടുന്നില്ല.. :-))

    ReplyDelete
  4. നന്നായിട്ടുണ്ട് വാക്കുകളുടെ

    ഈ കളികള്‍ ...അഭിനന്ദനങ്ങള്‍

    ReplyDelete
  5. കവിത നന്നായിരിക്കുന്നു .പക്ഷെ ഒരു വാക്ക് പോലും ബാക്കി നില്ല്പില്ല മനസ്സില്‍

    ReplyDelete
  6. ചുറ്റിയും
    ചിതറിയും
    വശങ്ങളിലൂടെ
    സ്ഥാനാസ്ഥാനങ്ങളില്‍
    വാക്ക്‌ അള്ളിപിടിച്ച്‌ കയറാറുണ്ട്‌.

    ഒപ്പം

    ചിരിയിലും
    ചിന്തയിലും
    വാക്ക്‌ നിറഞ്ഞ്‌
    തിമിര്‍ത്താടാറുണ്ട്

    ReplyDelete
  7. നല്ല ചിന്തക്ക്, നല്ല കവിതക്ക്, നല്ല ശൈലിക്ക് എന്റെ ഭാവുകങ്ങൾ... “വാക്ക്” ഇനിയും ഈ താളുകളിൽ നിറയട്ടെ

    ReplyDelete
  8. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. അത്‌ ഇരുതല മൂര്‍‌ച്ചയുള്ള വാളുപോലെയാണ്‌. കുത്തി നോവിക്കാനും, തൊട്ടു തലോടാനും വാക്കുകള്‍ക്ക് കഴിയും. നല്ല കവിത. അഭിനന്ദനങ്ങള്‍

    ReplyDelete