അയാളൊരു ഫോട്ടോഗ്രാഫറായിരുന്നു
വെയില്‍ കിളര്‍ത്തു പരക്കുന്ന
കറുകതലപ്പിലെ വെള്ളതുള്ളികളായിരുന്നു
അയാളുടെ അന്നത്തെ ആദ്യഫ്രെയും.
ക്ലിക്കിന് തൊട്ടുമുമ്പ്
ആ കറുകതലപ്പിലേക്കൊരു മുയല്‍ ചാടിവീണു.
മുയല്‍
ജനുവരിയിലും വീഴുന്ന നരച്ച
മ്‌ഞ്ഞിന്റെ ഒരു കൂനയാണെന്നേ തോന്നൂ
ഇതുവരെ
ആമയോട് തോറ്റ്
അകവും പുറവും വെന്ത്
തണല്‍ ചാരി ഉറക്കത്തിലായിരുന്നുപോലും
സ്വപ്‌നത്തില്‍ നാടയും മുറിച്ചെടുത്തു വരുന്ന
ഒരവ്യക്ത ജന്തു.
പിന്നീട്
കറുകതലപ്പും മുയലും
ഒറ്റ ക്ലിക്കിലൊതുക്കാന്‍ ശ്രമിക്കവേ
മുയല്‍ എന്തോ ആപത്തിലെന്നപോലെ
അയാളുടെ ഫ്രെയിമില്‍ നിന്നും
വഴുതിമാറി ഒറ്റകുതിപ്പ്
തൊട്ടുപിന്നിലതാ
കിതയ്‌ക്കുന്ന ഒരു വയസ്സന്‍ കുറുക്കന്‍.
കുറുക്കന്‍
മുന്തിരിത്തോപ്പില്‍ അതിക്രമിച്ചു കടന്നെങ്കിലും
ഇന്ന് പട്ടയവും വാങ്ങി
അവിടെത്തന്നെ കാര്യസ്ഥന്‍.
തല മേല്‌പോട്ട് വച്ച്
ഉറങ്ങാന്‍ കണ്ണടയ്‌ക്കുമ്പോഴൊക്കെ
കണ്ണിമയും തുച്ച് ആ 'പുളിച്ച' വെളിച്ചം.
ഞെട്ടി ഉണര്‍ന്ന്
വടിയൂന്നി കാല്‍വിരലുകളമര്‍ത്തിനടന്നു.
വീഴരുതല്ലോ
ഒന്നും ഒരിടത്തും നഷ്ടമാകരുതല്ലോ?
മുയലിന് മുകളില്‍ ചാടിവീഴാന്‍
കുറുക്കന്‍ ശരീരം കുറുക്കി
പുല്ലിനോട് അമര്‍ന്നിരിക്കാന്‍
തുടങ്ങുമ്പോഴാണ്
കുറുക്കന് പിന്നില്‍
ഒരു സിംഹം ഫ്രെയിമില്‍ ഉണ്ടെന്ന്
അയാളറിഞ്ഞത്.
സിംഹം
രാജാവ് തന്നെ
മുഖം മുന്നോട്ടൂന്നി കെടാറായ
പടുവൃക്ഷച്ചോട്ടില്‍
ചിതലറുത്ത വേരുകളൊന്നില്‍
ചാരിച്ചെരിഞ്ഞ് കിടപ്പാണ്;
ചെവി വട്ടം പിടിച്ച്.
നാടമുറിച്ച് മു്‌ന്നോട്ടായുന്ന ജീവി
കുറുക്കന്‍ തന്നെ
മുയല്‍ പിടഞ്ഞെണീറ്റോടി; കുറുക്കനും
മുയലിന്റെ ക്ഷീണവും
കുറുക്കന്റെ പ്രായവും
അവരിരുവരും ഒരിടത്തും അടുത്തില്ല.
വേരുതട്ടി മുയല്‍ വീണതും
കുറുക്കന്‍ തെറിച്ചതും
സിംഹം ഉറക്കംവിട്ടെണീറ്റതും
തിട്ടം ഒരേ സമയം.
പുല്ലിനും മുയലിനും
കുറുക്കനും സിംഹത്തിനും
ശേഷം അയാളുടെ ഫ്രെയിമിലേക്ക്
കയറിവന്നത് സിംഹത്തിന് നേരെ
പിടിച്ചിരിക്കുന്ന ഒരു ഇരട്ടക്കുഴല്‍
തോക്കിന്റെ മുന്‍ഭാഗമായിരുന്നു.
ഒരു കാല്‍പ്പെരുമാറ്റം
ഫോട്ടോഗ്രാഫറുടെ പിറകില്‍
കേട്ടെന്ന്...
ഇല്ലെന്ന്....
തോന്നിയതാവും... അല്ലെന്ന്...
ദൈവമേ...
No comments:
Post a Comment