കരിക്കട്ട

മുറിയാതെ പെയ്യുന്ന
കര്‍ക്കിടക പാടങ്ങളില്‍
വെയില്‍ തിന്നുതിന്നാണെന്റെ
അപ്പന്‍
കറുകറുത്ത കരിക്കട്ടയായത്‌.

കരിപ്പിടിച്ച മുന്‍നിര
പല്ലുകളിലൊന്നടര്‍ന്നിട്ടും
ആ കരിക്കട്ടയിലൂതിയൂതിയാണ്‌
കണ്ണുകലങ്ങിയ മണ്‍കലത്തിന്‌
അമ്മ അടുപ്പുകൂട്ടി തീ പടര്‍ത്തിയത്‌.

വെണ്ണീറിന്‍ കീറുപാറാതെ
ആ കരിക്കട്ട നീറ്റിനീറ്റിയാണ്‌
ചുളിഞ്ഞെന്റെ വെള്ളയുടുപ്പുകള്‍
അനുജത്തി ഇസ്‌തിരിയിടാറ്‌.

ഇന്ന്‌ ഞാന്‍
ആ കരിക്കട്ടയിലൂതി
നിറക്കാറുണ്ടിത്തിരി
ഉപ്പില്‍ കലര്‍ന്നേന്‍
നിശ്വാസങ്ങള്‍

ആറ്റി തണുപ്പിക്കുവാനല്ല
നീറി നീറിയതിന്‍ ശല്‌ക്കങ്ങള്‍
എന്നിലലിയാന്‍
ആ കനലുപേറുന്ന കരിക്കട്ടയാവാന്‍

ഇപ്പോളെന്റെ പുകച്ചില്‌ കണ്ട്‌
എല്ലാവരും
വെളുക്കെ ചിരിക്ക്വാണ്‌.

ഉയര്‍ന്നുപൊങ്ങാന്‍
ഉള്ളിലൊരു വിമ്മിഷ്ടം
ഇല്ലാതെയെങ്ങനെ?

No comments:

Post a Comment