അടുക്കള

അമ്മയ്‌ക്ക്‌,
ചൂരെല്ലാം
പിടിച്ചടുക്കി സൂക്ഷിക്കുന്ന
ഒരു കൊതിയന്‍
വാലാട്ടിപ്പട്ടി

അപ്പന്‌,
ഉടലിലെ
ഉറകെടാത്ത
ഉപ്പുകളം

അനിയത്തിയ്‌ക്ക്‌,
നുണവര്‍ണ്ണ
കടലാസുകൂടുകള്‍ നിറഞ്ഞ
പൊട്ടിയ്‌ക്കാന്‍ ആളിലാത്ത
പഴയ ഒരു തപാല്‍പ്പെട്ടി

അനിയന്‍കുട്ടന്‌,
നനഞ്ഞു
മുറിഞ്ഞതൊക്കെ
മുറികൂട്ടുന്ന
വക്കുണങ്ങാത്ത
കഞ്ഞിപ്പശപാത്രം

അവള്‍ക്ക്‌,
ഉറഞ്ഞുകൂടാനും
ഉലഞ്ഞുപോകാനും
ഒരു ഉറവ

എനിക്ക്‌,
ഉച്ഛ്വാസ നിശ്വസ-
ങ്ങള്‍ക്കിടയിലെ
ഒറ്റവറ്റ്‌