അരുളപ്പാട്
കണ്‍വട്ട*കക്കകത്ത്‌്
തിളച്ചു വേവുന്നത്,
കാഴ്‌ച്ചകള്‍ മുറിഞ്ഞ
നിന്റെ കണ്ണുകളാണ്.
കാഴ്‌ചക്കപ്പുറം
നീ നിനക്കാതിരിക്കാന്‍
കണ്ണെന്ന കമ്പിവേലി കൂടുനല്‍കി.
ഇമകള്‍ ചേര്‍ത്തടക്കുക;
ശേഷം കാണുക
കാഴ്‌ചയുടെ കാണാപ്പുറങ്ങള്‍.
അപ്പോള്‍
കനിവുറവകള്‍ പൊടിയുന്ന
കാഴ്‌ച്ചയുടെ വക്കിലൊരു വേദന
കിനിയാന്‍ തുടങ്ങും.
ധവള സമൂഹം
കാഴ്‌ച്ചയുടെ കണ്ണട ധരിച്ചാല്‍
നേര്‍ക്കാഴ്‌ച്ച നഷ്ടമായ കാക്കയാണ്.
ചാഞ്ഞും ചരിഞ്ഞും
വശങ്ങളിലൂടെയത് കണ്ണെറിയും.
നിന്റെ കാഴ്‌ചയിലൊന്നിനെ
കൊത്തിത്തിന്നതിന്‍ബാക്കി
ആരും എത്താത്ത ശിഖിരങ്ങളില്‍
ചീഞ്ഞളിയാനും മണക്കാനും
പാകത്തില്‍ നിവര്‍ത്തിയിടും.
അല്ലെന്ന്
അങ്ങനെയൊന്നുമല്ലെന്ന്
അലറി പറഞ്ഞാലും
അനങ്ങാതിരുന്നാലും
പറ്റങ്ങളില്‍നിന്നും നീ
ഒറ്റയായ്‌പോകും.
പുതിയവയ്‌ക്കായ്
മങ്ങിയും തെളിഞ്ഞും
കാഴ്‌ച്ചകള്‍
കണ്ണില്‍ തലതല്ലി മരിക്കുന്നു.
കണ്ണടച്ചു ചേര്‍ത്തുവയ്‌ക്കണോ?
കണ്‍തുറന്ന് അടര്‍ത്തിമാറ്റണോ?
രണ്ടായാലും ദൈവമേ
എന്റെ കാഴ്‌ചക്കൊരു
കറുത്ത ശീലയുടെ
തണലു വേണം
ഒറ്റയായ് പോകുമ്പോള്‍
കണ്ണു കലങ്ങാതിരിക്കുവാനതിനു ചൂറ്റും
തെളിമയുടെ വെള്ളം ചേര്‍ക്കണം.
* ചെറിയ ചെമ്പ് പോലുള്ള പാത്രം
ഒറ്റയാന്‍
മഴയുടെ മടിയില്‍,
നനഞ്ഞു തൂങ്ങിയൊരു
ഗുഡ് മോണിങ്ങ് കൊടുത്ത്
അവരെ മുഴുവന്‍
ഒറ്റയടിക്ക് ഞാന്‍ ഒഴിവാക്കി.
കത്തുന്ന
പകലിന്റെ പാതിയില്‍,
ചാരം തൂളിയ
സോറി പറഞ്ഞ്
എനിക്കു മുമ്പിലെ
അധികാരികളെ മുഴുവന്‍
ഞാന്‍ പാട്ടിലാക്കി.
110 കെ.വി. ചിരിയുടെ
താങ്ക്‌സും കത്തിച്ച്
മുഴുവന്‍ ആനുകൂല്യങ്ങളിലും
വെളളപൂശി,
അവയെ മുഴുവന്‍ ഞാന്‍
കൈകിലാക്കി.
മുഷിഞ്ഞുനാറിയ
ദിനത്തിനറുതിയില്‍
പാതിമുറിയാറായ
ഒരു ഗുഡ്‌നൈറ്റും
കൊടുത്ത്
എന്നെതന്നെ ഞാന്‍
ഒഴിവാക്കി.
അമ്മ
അലിഞ്ഞിറങ്ങുന്ന ആഴം.
ആളിക്കത്തി-
അമര്‍ന്നുപോകുമ്പോഴും
തേങ്ങിത്തേങ്ങി തെളിയാന്‍ ശ്രമിക്കുന്ന
പൊളംപൊന്തിയ മെഴുകുതിരി.
പൊടിഞ്ഞുകത്തുന്ന
നെരിപ്പോടായും
ഉലാത്തുന്ന വെളുമ്പി
നിലാവായും
ഉറഞ്ഞുത്തുള്ളുന്ന
ഉഷ്‌ണമായും
കീറിപ്പറിഞ്ഞ
മേഘങ്ങള്‍ക്കു താഴെ
തണലായും
ഋതുക്കളാകുന്നു
അമ്മ.
********************
പിന്നെപ്പിന്നെ
എന്നുമുതലാണ്
ഞാനെന്റെ
അമ്മയെ 'സ്‌നേഹാലയ'ത്തില്‍
ചെന്നു കാണാന്‍ തുടങ്ങിയത്.
മഴ
മടിയന്റെ കണ്ണീരും
വിശക്കുന്നവന്റെ പട്ടിണിയുമാണ്.
മണ്ണില്ലാത്തവന്റെ കുഴിമാടവും
കൂട്ടം പിരിഞ്ഞവന്റെ
സഹചാരിയുമാണ്.
- കുട്ടൂക്കാരന്‍* -
മഴ
ഒരു വിഷമഭുജമാണ്.
ചീറിയടുത്ത്,
തോറ്റ് തൊപ്പിയിട്ട്
കരഞ്ഞുമടങ്ങുന്ന കടലാണതിന്റെ
തുടക്കവും ഒടുക്കവും
ആദ്യവും അന്തവും നഷ്ടമായ
എന്റെ കൈയിലെ വളമാതിരി.
- അവള്‍ -
മഴ
വെയിലേറ്റു
നരച്ച വിരസതയാണ്.
വേനലിന്റെ നുരയും പതയുമാണ്.
മുതുക്കരുടെ കഷ്ടങ്ങള്‍
നിറഞ്ഞ പിറുപിറുക്കലാണ്.
- അമ്മ -
മഴ
മാനത്തിന്
ചിരുപൊട്ടുമ്പോള്‍
കൊലുസിന്‍ കിലുക്കത്തില്‍
തെറിച്ച കൊച്ചുനക്ഷത്രതുണ്ടുകളാണ്.
കടലാസുവഞ്ചിയില്‍ മഴ മുഴുവന്‍
ഞാന്‍ തുഴഞ്ഞ് സഞ്ചരിച്ചിട്ടുണ്ട്
എന്റെ കടലാസുവിമാനങ്ങള്‍
മഴയില്‍ തണുത്തു വിറങ്ങലിച്ച് മരിച്ചിട്ടുണ്ട്.
എന്നാലും മഴേടെ കഥപറഞ്ഞുള്ള-
കൂനികൂടി നടപ്പ്
എനിക്ക് ഇഷ്ടമാണ്.
കണ്ണില്‍
മഴയുടെ നിറപെയ്‌ത്തുകള്‍
പിന്നീടായിരുന്നു
അവ്യക്തമായ
രൂപങ്‌ളില്‍ അപ്പോഴും
മഴ താളംപിടിച്ചുകൊണ്ടിരിക്കും;
ഒന്നും അറിയാത്തപ്പോലെ.
ദൈവത്തിന്റെ നിറം
പണ്ഡിതനും
പാമരനും
സുഹൃത്തുക്കളായ
ഒരു ഗ്രാമമുണ്ടായിരുന്നു
സദസ്സ് കഴിഞ്ഞ്
പണ്ഡിതനും
പണികളെല്ലാം അവസാനിപ്പിച്ച്
പാമരനും
തണലുകളുടെ ഓരങ്ങളില്‍
ജീവിതം പറഞ്ഞിരിക്കുമായിരുന്നു.
പകര്‍ന്നും
പടര്‍ന്നും
ഇരുവരും പരസ്‌പരം
ചാഞ്ഞുകൊടുക്കാന്‍
പാകത്തില്‍ ബലമുള്ളവരായി.
ഒരിക്കല്‍
(മനുഷ്യസഹജമെന്നേ
പറയാനൊക്കൂ)
അവരിരുവരും
ഒരു തര്‍ക്കത്തിലാണ്ടു
വിഷയം
'ദൈവത്തിന്റെ നിറം'.
''സര്‍വ്വാഭരണ വിഭൂഷയായി
ചേലഞ്ചും ആടകള്‍ ചുറ്റിയെത്തും
ദൈവത്തിന്റെ നിറം തനി
തങ്കത്തിന്റേത്
അതലപ്പുറമൊന്നുമില്ല.
ഇതിഹാസങ്ങളും
ഇതര അക്ഷരങ്ങളും സാക്ഷ്‌ി''.
പണ്ഡിതപക്ഷം.
''കറുപ്പ്
ശുദ്ധമായ കറുപ്പ്.''
പാമരപക്ഷം.
ഇതള്‍ വിരിഞ്ഞു
താഴേക്കുതിര്‍ന്നുവീണ
അങ്കിതലപ്പ് വലതുകൈയ്യാ-
ലെടുത്തിടതുകൈയ്യില്‍
ചുറ്റി, തലപ്പാവൊന്നു അമര്‍ത്തി
വെറ്റിലനീരൊന്നു നീ്‌ട്ടിത്തുപ്പി
സദസ്സിലെന്നപോലെ
പാമരനെ നോക്കി
പണ്ഡിതന്‍ പറഞ്ഞു
''വിശദീകരിക്കണം
കറുപ്പിനെ ഇഴ പിരിച്ച്
വിശദീകരിക്കണം.''
പാമരന്‍ പറഞ്ഞു
''കറുപ്പ് എല്ലാമുള്ളവന്
ഒന്നുമില്ലാത്ത അവസ്ഥയും
ഒന്നുമില്ലാത്തവന്
എല്ലാമുള്ള അവസ്ഥയുമാണ്.
നിറങ്ങളും പ്രകാശങ്ങളും
കൈമോശം വരുന്ന
കറുപ്പന്‍ ജീവിതസന്ധികളിലല്ലേ
നിന്റെ ദൈവത്തിന്
ഉയിര് വരാറുള്ളത്.''
തര്‍ക്കം എന്നത്തേയും പോലെ
ഇന്നും ശഠേന്ന് അവസാനിച്ചു.
നാളം കാണാന്‍ അവര്‍
ഇ്‌ന്ന് പിരിയുന്നു.
അവരുടെ വഴികളിലൊരിടത്തും
മുള്ളുകള്‍ മുളച്ചുപൊങ്ങിയില്ല
അവരുടെ നടുവിലൂടെ
ഒരു മതിലും വളര്‍ന്ന്‌്
ചരിത്രത്തില്‍ കടന്നില്ല.
ഒരു പത്രത്തിലും
ഫോട്ടോ സഹിതം റിപ്പോര്‍ട്ട് വന്നില്ല.
അവര്‍ സാധാരണക്കാരായ
മനുഷ്യരായിരുന്നു.
അവര്‍ തണലുകളുടെ
ഓരങ്ങളില്‍ ജീവിതം
പറഞ്ഞിരിക്കുന്നവരായിരുന്നു.
ലാസ്റ്റ് ഫ്രെയിം
വെയില്‍ കിളര്‍ത്തു പരക്കുന്ന
കറുകതലപ്പിലെ വെള്ളതുള്ളികളായിരുന്നു
അയാളുടെ അന്നത്തെ ആദ്യഫ്രെയും.
ക്ലിക്കിന് തൊട്ടുമുമ്പ്
ആ കറുകതലപ്പിലേക്കൊരു മുയല്‍ ചാടിവീണു.
മുയല്‍
ജനുവരിയിലും വീഴുന്ന നരച്ച
മ്‌ഞ്ഞിന്റെ ഒരു കൂനയാണെന്നേ തോന്നൂ
ഇതുവരെ
ആമയോട് തോറ്റ്
അകവും പുറവും വെന്ത്
തണല്‍ ചാരി ഉറക്കത്തിലായിരുന്നുപോലും
സ്വപ്‌നത്തില്‍ നാടയും മുറിച്ചെടുത്തു വരുന്ന
ഒരവ്യക്ത ജന്തു.
പിന്നീട്
കറുകതലപ്പും മുയലും
ഒറ്റ ക്ലിക്കിലൊതുക്കാന്‍ ശ്രമിക്കവേ
മുയല്‍ എന്തോ ആപത്തിലെന്നപോലെ
അയാളുടെ ഫ്രെയിമില്‍ നിന്നും
വഴുതിമാറി ഒറ്റകുതിപ്പ്
തൊട്ടുപിന്നിലതാ
കിതയ്‌ക്കുന്ന ഒരു വയസ്സന്‍ കുറുക്കന്‍.
കുറുക്കന്‍
മുന്തിരിത്തോപ്പില്‍ അതിക്രമിച്ചു കടന്നെങ്കിലും
ഇന്ന് പട്ടയവും വാങ്ങി
അവിടെത്തന്നെ കാര്യസ്ഥന്‍.
തല മേല്‌പോട്ട് വച്ച്
ഉറങ്ങാന്‍ കണ്ണടയ്‌ക്കുമ്പോഴൊക്കെ
കണ്ണിമയും തുച്ച് ആ 'പുളിച്ച' വെളിച്ചം.
ഞെട്ടി ഉണര്‍ന്ന്
വടിയൂന്നി കാല്‍വിരലുകളമര്‍ത്തിനടന്നു.
വീഴരുതല്ലോ
ഒന്നും ഒരിടത്തും നഷ്ടമാകരുതല്ലോ?
മുയലിന് മുകളില്‍ ചാടിവീഴാന്‍
കുറുക്കന്‍ ശരീരം കുറുക്കി
പുല്ലിനോട് അമര്‍ന്നിരിക്കാന്‍
തുടങ്ങുമ്പോഴാണ്
കുറുക്കന് പിന്നില്‍
ഒരു സിംഹം ഫ്രെയിമില്‍ ഉണ്ടെന്ന്
അയാളറിഞ്ഞത്.
സിംഹം
രാജാവ് തന്നെ
മുഖം മുന്നോട്ടൂന്നി കെടാറായ
പടുവൃക്ഷച്ചോട്ടില്‍
ചിതലറുത്ത വേരുകളൊന്നില്‍
ചാരിച്ചെരിഞ്ഞ് കിടപ്പാണ്;
ചെവി വട്ടം പിടിച്ച്.
നാടമുറിച്ച് മു്‌ന്നോട്ടായുന്ന ജീവി
കുറുക്കന്‍ തന്നെ
മുയല്‍ പിടഞ്ഞെണീറ്റോടി; കുറുക്കനും
മുയലിന്റെ ക്ഷീണവും
കുറുക്കന്റെ പ്രായവും
അവരിരുവരും ഒരിടത്തും അടുത്തില്ല.
വേരുതട്ടി മുയല്‍ വീണതും
കുറുക്കന്‍ തെറിച്ചതും
സിംഹം ഉറക്കംവിട്ടെണീറ്റതും
തിട്ടം ഒരേ സമയം.
പുല്ലിനും മുയലിനും
കുറുക്കനും സിംഹത്തിനും
ശേഷം അയാളുടെ ഫ്രെയിമിലേക്ക്
കയറിവന്നത് സിംഹത്തിന് നേരെ
പിടിച്ചിരിക്കുന്ന ഒരു ഇരട്ടക്കുഴല്‍
തോക്കിന്റെ മുന്‍ഭാഗമായിരുന്നു.
ഒരു കാല്‍പ്പെരുമാറ്റം
ഫോട്ടോഗ്രാഫറുടെ പിറകില്‍
കേട്ടെന്ന്...
ഇല്ലെന്ന്....
തോന്നിയതാവും... അല്ലെന്ന്...
ദൈവമേ...
