ദൈവത്തിന്റെ നിറം

ഒരിടത്ത്‌

പണ്ഡിതനും
പാമരനും
സുഹൃത്തുക്കളായ
ഒരു ഗ്രാമമുണ്ടായിരുന്നു

സദസ്സ്‌ കഴിഞ്ഞ്‌
പണ്ഡിതനും
പണികളെല്ലാം അവസാനിപ്പിച്ച്‌
പാമരനും
തണലുകളുടെ ഓരങ്ങളില്‍
ജീവിതം പറഞ്ഞിരിക്കുമായിരുന്നു.

പകര്‍ന്നും
പടര്‍ന്നും
ഇരുവരും പരസ്‌പരം
ചാഞ്ഞുകൊടുക്കാന്‍
പാകത്തില്‍ ബലമുള്ളവരായി.

ഒരിക്കല്‍
(മനുഷ്യസഹജമെന്നേ
പറയാനൊക്കൂ)
അവരിരുവരും
ഒരു തര്‍ക്കത്തിലാണ്ടു
വിഷയം
'ദൈവത്തിന്റെ നിറം'.

''സര്‍വ്വാഭരണ വിഭൂഷയായി
ചേലഞ്ചും ആടകള്‍ ചുറ്റിയെത്തും
ദൈവത്തിന്റെ നിറം തനി
തങ്കത്തിന്റേത്‌
അതലപ്പുറമൊന്നുമില്ല.
ഇതിഹാസങ്ങളും
ഇതര അക്ഷരങ്ങളും സാക്ഷ്‌ി''.
പണ്ഡിതപക്ഷം.

''കറുപ്പ്‌
ശുദ്ധമായ കറുപ്പ്‌.''
പാമരപക്ഷം.

ഇതള്‍ വിരിഞ്ഞു
താഴേക്കുതിര്‍ന്നുവീണ
അങ്കിതലപ്പ്‌ വലതുകൈയ്യാ-
ലെടുത്തിടതുകൈയ്യില്‍
ചുറ്റി, തലപ്പാവൊന്നു അമര്‍ത്തി
വെറ്റിലനീരൊന്നു നീ്‌ട്ടിത്തുപ്പി
സദസ്സിലെന്നപോലെ
പാമരനെ നോക്കി
പണ്ഡിതന്‍ പറഞ്ഞു
''വിശദീകരിക്കണം
കറുപ്പിനെ ഇഴ പിരിച്ച്‌
വിശദീകരിക്കണം.''

പാമരന്‍ പറഞ്ഞു
''കറുപ്പ്‌ എല്ലാമുള്ളവന്‌
ഒന്നുമില്ലാത്ത അവസ്ഥയും
ഒന്നുമില്ലാത്തവന്‌
എല്ലാമുള്ള അവസ്ഥയുമാണ്‌.
നിറങ്ങളും പ്രകാശങ്ങളും
കൈമോശം വരുന്ന
കറുപ്പന്‍ ജീവിതസന്ധികളിലല്ലേ
നിന്റെ ദൈവത്തിന്‌
ഉയിര്‌ വരാറുള്ളത്‌.''

തര്‍ക്കം എന്നത്തേയും പോലെ
ഇന്നും ശഠേന്ന്‌ അവസാനിച്ചു.
നാളം കാണാന്‍ അവര്‍
ഇ്‌ന്ന്‌ പിരിയുന്നു.

അവരുടെ വഴികളിലൊരിടത്തും
മുള്ളുകള്‍ മുളച്ചുപൊങ്ങിയില്ല
അവരുടെ നടുവിലൂടെ
ഒരു മതിലും വളര്‍ന്ന്‌്‌
ചരിത്രത്തില്‍ കടന്നില്ല.
ഒരു പത്രത്തിലും
ഫോട്ടോ സഹിതം റിപ്പോര്‍ട്ട്‌ വന്നില്ല.
അവര്‍ സാധാരണക്കാരായ
മനുഷ്യരായിരുന്നു.
അവര്‍ തണലുകളുടെ
ഓരങ്ങളില്‍ ജീവിതം
പറഞ്ഞിരിക്കുന്നവരായിരുന്നു.

No comments:

Post a Comment