അമീബ

കൈ
താളമിട്ട്‌ കൃഷ്‌ണന്‍
തുറന്ന്‌ ബുദ്ധന്‍
തറച്ചുവച്ച്‌ ക്രിസ്‌തു
കഴുകി രാജാവ്‌
വിരലടര്‍ത്തി ശിഷ്യന്‍

കൈ
കൂപ്പിപിടിച്ച്‌ ഭക്‌തന്‍
വീശിയെറിഞ്ഞ്‌ അഭ്യാസി
ചുരുട്ടിയെറിഞ്ഞ്‌ വിപ്ലവകാരി
കൂട്ടിത്തിരുമി പണ്‌ഡിതന്‍
വയറ്റത്തടിച്ച്‌ പട്ടിണി
കോര്‍ത്തുരുമി പ്രണയം

ഇങ്ങനെ
ആരുവേണമെങ്കിലും
ആകാം

കൈ വെള്ളയില്‍
പുറംതോട്‌ പൊട്ടാന്‍
ഉള്ളില്‍ പിടയുന്ന
ഈ പ്യൂപ്പ
ഞാനെന്തുചെയ്യണം ?

കരിങ്കണന്‍
കോലംകെട്ടി
എത്രനേരം
പകല്‍
ചോര്‍ന്നൊലിക്കുന്ന
ഈ ആകാശത്തിനു
താഴെ ?