വണ്ടിക്കാള

1 പ്രണയം

ആകാശവെണ്മ
അണപൊട്ടിയൊലിക്കുന്ന
ഭൂമിക്കിണറില്‍ നിറയെ
സ്‌മാരകങ്ങള്‍
അവയില്‍ ചാരിനിന്നും
വാറ്റിക്കുടിച്ചും നമ്മള്‍
നമുക്കരികെ
നിറക്കൂത്തില്‍ പൊടിഞ്ഞു
പൊന്തുന്ന കുമിളകള്‍

2 വിവാഹം

കര്‍ക്കിടകകൈവരമ്പില്‍
വിക്കിയും വഴുതിയും ഞാന്‍
പതഞ്ഞും പാറിയും നീ
നമ്മള്‍
ശബ്‌ദങ്ങളായി
അകലങ്ങളായി
ഉഷ്‌ണമറയ്‌ക്കുള്ളില്‍ നീളന്‍
നിഴലുകളായി
ഓര്‍മ്മയുടെ കൂനയില്‍
അഴുകാത്ത വിഴുപ്പുകളായി

3 വിരഹം

ഇപ്പോള്‍
എനിക്കുള്ളില്‍
വാല്‌മുറിച്ച്‌ വാക്കുപായുന്നു
ഉള്ളിലൊരു ഇഴപിന്നിയ കൂടാരം
വെന്തുനാറുന്നു.
മുതുകിലൊരു ചലകുരുവീര്‍ത്തു
പൊന്തുന്നു
മറക്കുന്നു ഞാന്‍
ഓര്‍ക്കാനൊരു സുഖത്തിന്‌

4 അന്ത്യം

ഇന്നും
ചുടുരുധിരമോന്തി-

യന്തിയില്‍
കിതച്ചെത്തും കിനാക്കള്‍ക്ക്‌
നിന്റെ വശ്യത
ശരിയാണ്‌
ജഡമായിരിക്കുന്നു ഞാനും
എന്റെ ശൂന്യാകാശങ്ങളും.

ഇല

ഇല
ഇഴപിന്നിയ
ഓര്‍മ്മകളുടെ
കുഞ്ഞുനൂലുകള്‍
ചേര്‍ന്നുണ്ടായത്‌

ഇല
സഞ്ചാരികള്‍ നടത്തിയ
അപഥയാത്രാരേഖകള്‍
കുടഞ്ഞിട്ട കൈപ്പുസ്‌തകം
ഇലയുടെ ഓരങ്ങളില്‍
കപ്പലിന്റെ നങ്കൂരം തട്ടിയ
വടുക്കള്‍.

ഇലയില്‍
എരിഞ്ഞുണങ്ങിയ
പുഴപ്പാടുകള്‍പ്പോലെ
ചത്ത്‌ വിളറിയ ഞരമ്പുകള്‍

കൊഴിയുന്ന ഇല
ഭൂമിയുടെ
മുറിഞ്ഞുവീഴുന്ന
ഭൂപടത്തുണ്ട്‌

ഇല നിവര്‍ത്തികെട്ടിയ
തണല്‍യാത്രകളില്‍
ഇലവച്ചടച്ച
കളിക്കുഴികളെത്രയാണ്‌
വാരിക്കുന്തങ്ങള്‍ നിവര്‍ത്തിയ
ചതിക്കുഴികളായി
വളര്‍ന്നത്‌?

ഇലവച്ചുണ്ണാനിരുന്നപ്പോള്‍
നിറഞ്ഞകണ്‍പരപ്പില്‍
അവന്‍ തലയ്‌ക്കുമുകളില്‍
നിവര്‍ത്തിയ
പ്രണയയിലയുടെ
തണല്‍ കായുകയായിരുന്നു
അവള്‍

ഇത്രമേല്‍ ആയിട്ടും
ഞെട്ടറ്റുവീഴുന്ന
ഇലയില്‍
തിരിച്ചും മറിച്ചും
അവസാനം മുറിച്ചുനോക്കിയിട്ടും
കാണാത്തത്‌
അതിന്റെ പച്ചയാണ്‌.

ജോതിക്ഷകുറിപ്പുകള്‍

.സ്ത്രി
ചിരിച്ചു ചിലക്കും ചിത.

.അമ്മ,
കടഞ്ഞും
നിണം പൊടിഞ്ഞും
ആശകള്‍ ഉറഞ്ഞുകൂടിയ
മുലകള്‍ ഉള്ളവള്‍.


നുണയന്‍

അണപൊട്ടിയൊലിക്കുന്ന
ആറ്റിലേക്ക്‌
വിലക്കപ്പെട്ടം ഫലം പേറുന്നൃ
മരത്തിന്റെ ഒരു കമ്പ്‌
ചാഞ്ഞു കിടപ്പുണ്ട്‌.

കാഴ്‌ചകളെല്ലാം
വി്‌ണ്ടുകീറിയ ഒരുവന്‍,
അലകളുടെ സമൃദ്ധി-
ഓളംതല്ലുന്ന
അതിനരികിലേക്ക്‌
വേച്ചുവേച്ചു നടന്നടുക്കുന്നു.

യാത്രയില്‍,
മുറിവേല്‌ക്കാതിരിക്കാന്‍
രാകി പഴഞ്ചനായ ഒരായുധവും
അയാള്‍
ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

അയാളുടെ
ആകാശമുനമ്പിന്‍ തീരം
ഒറ്റ കപ്പലുകളും ചേക്കേറാതെ
ശൂന്യമായതുകൊണ്ടാണിങ്ങനെ-
സംഭവിക്കുന്നതെന്ന്‌
അയാള്‍ നുണപറയുന്നു.

സത്യത്തിലപ്പോള്‍
നങ്കൂര കൊളുത്തുകളുടെ
നിരന്തര ഏറുകൊണ്ട്‌
അയാള്‍ അരിപ്പ കണക്കേ
ചോര്‍ന്നൊലിക്കുകയായിരുന്നു.

ഒരു 'എം ' പ്രശ്നം


പ്ലീസ് ഡബിള് ക്ലിക്ക് ഓണ് ദ പോസ്റ്റര്

ബലൂണ്‍ പീപ്പി

ഈറ്റത്തണ്ട്‌,
പൊള്ളിച്ച്‌ തുള്‌ച്ചപച്ചിരിമ്പിനേയും
ആറിത്തണുത്തുറഞ്ഞുപോയ-
പച്ചയേയും മറന്ന്‌്‌
കാത്തിരിക്കുകയാണ്‌,
അകംനിറഞ്ഞ്‌
തിളച്ചുമിയു്‌ന്ന്‌ സ്വരങ്ങളെ-
മുലയൂട്ടാന്‍.

ഇതേസമയം
വഴികളിലെല്ലാം
കെണിവച്ച്‌ ഒരു ബലൂണ്‍,
മുഴുവന്‍ കാറ്റഇനേം പിടിച്ച്‌ തിന്ന്‌
മുഖം വീര്‍പ്പിച്ച്‌ വീര്‍പ്പിച്ച്‌
വിമ്മിഷ്ടപ്പെടുന്നു.

ഈ്‌റ്റത്തണ്ട്‌ പറഞ്ഞു
''മുറിവുകള്‍ പൊള്ളുന്നു.
നീയെന്നില്‍ നിറഞ്ഞു-
തളിരിലകള്‍ പോലെ
തടവുക.''

ബലൂണ്‍ കയര്‍ത്തു
''നീയെനിക്കിന്ന്‌ ഇര''

ഊക്കോടെ
ബലൂണ്‍ മുഖം ചേര്‍ത്തു.
കാറ്റു മുഴുവന്‍ ഈറ്റത്തണ്ടിലൂടെ
പുറത്തേക്ക്‌.

സംഗീതമുണ്ടാകുന്നു
കുട്ടികള്‍ക്ക്‌-
ബലൂണ്‍ പീപ്പികളും.

വിത്ത്

വെയിലും
മഴയുമേറ്റ്‌
ഒരു വിത്ത്‌,
കിളിര്‍ക്കാതെ
കാക്കയും കഴുകനും കൊത്താതെ
മുറ്റത്ത്‌ കിടക്കുന്നു.

മഴകള്‍
അലറിവിളിച്ച്‌ പേടിപ്പിച്ചിട്ടും
ചിതറി തെറിപ്പിച്ച്‌ പെയ്‌തിറങ്ങീട്ടും
നനഞ്ഞൊഴിഞ്ഞതല്ലാതെ
അതില്‍ മുളപ്പൊട്ടിയില്ല.

വെയില്‍
കാരിരുമ്പാണി മാതിരി
തുളച്ചുകയറീട്ടും
കണ്ണില്‍ കനലിന്റെ രൗദ്രത
തീര്‍ത്തിട്ടും
വിത്ത്‌
ഉരുണ്ടും പെരണ്ടും
ചിനക്കാതെ കിടന്‌ു.

കള്ളനും പോലീസും കളിയില്‍
ചവിട്ടേറ്റിട്ടും
കിളിമാസിന്റെ വരയില്‍ നിന്ന്‌
തൊഴിച്ചുമാറ്റീട്ടും
ലഗോറിയിലെ ഏറുകൊണ്ട്‌
മുറിഞ്ഞുവീണിട്ടും
കിളിര്‍ക്കാന്‍ പാകത്തിലതിനകത്തേക്ക്‌
ഒരിറ്റു വെള്ളവും വെളിച്ചവും കയറിയില്ല.

നാളെ
ഒരുവട്ടംകൂടി കിളച്ചു വളമിട്ടു വളര്‍ത്താന്‍
പാകത്തില്‍ ക്ഷമയുള്‌ല അയാള്‍ വന്നെന്നിരിക്കാം
കൂനയില്‍നിന്ന്‌ കുന്നിലേക്ക്‌ മാറ്റപ്പെടാം
തളിരും കുളിരും പെയ്യുന്ന തണലായ്‌
മറ്റുള്ളവരിലേക്ക്‌ നിവര്‍ന്നെന്നും വരാം;
ഇതൊന്നുമാവാതെയും.

ഈ വിത്തിന്‌ എന്റെ പേരാണ്‌.


ഇന്‍ബോക്സില്‍ സംഭവികുന്നത്

സന്ധ്യകളില്‍
വാലിട്ടടിച്ചും
ചെകളപൂ വിടര്‍ത്തിയും
എന്നുമെന്നോണം
അവളെന്റെ
കണ്‍ചിറയില്‍
ഓളഒച്ചയുണ്ടാക്കാതെ
വരുന്നുണ്ട്‌.

രാത്രി ഉറക്കങ്ങളില്‍ ഞാന്‍
പൊട്ടിയ ഈരകു
ള്‍ കൂട്ടികെട്ടിയ
ഒരു നീളന്‍ ചൂണ്ട
(കൊളുത്തില്‍ ഒരു ഇകളും കോര്‍ക്കാത്തത്‌)
അവള്‍ക്കുവേണ്ടി
സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു.

രാവിലെ
ഉണര്‍ന്നെണീറ്റ
എനിക്കരികെ അവള്‍
പറക്കാന്‍ മുളച്ച ചിറകുകള്‍
വളരുന്നുണ്ടോയെന്നറിയാന്‍
കാത്തിരിക്കുകയായിരുന്നു.

ദേ
പ്പോള്‍
കീറിയെടുത്ത
ഈ വര്‍ണ്ണക്കടലാസുകള്‍ കൊണ്ടൊരു
പട്ടം പണിയുകയാണ്‌ ഞാന്‍.
ഇനിയതില്‍ നൂലുകള്‍ ചേര്‍ത്തുകെട്ടി
അവളുടെ രാജ്യത്തില്‍ കടക്കണം;
ഇന്നെങ്കിലും.

മലക്കുകള്‍ ഖബറു തുറന്ന്‌
അവളെ ചേര്‍ത്തെണ്ണും മുമ്പേ.

നിഴല്‍

നിഴല്‍
നാട്യശാസ്‌ത്ര ഉപജ്ഞാതാവ്‌.
രസനീരസങ്ങള്‍ക്കിടയിലെ
ട്രപ്പീസ്‌ കളിക്കാരന്‍.

നിഴല്‍
ഭൂതവര്‍ത്തമാനങ്ങള്‍
തിളക്കുന്ന കരിപ്പിടിച്ച മണ്‍ചട്ടി.

വഴുതിവീണിടം
തെളിയാതിരിക്കാന്‍
തണല്‍വീണുകിടന്ന
ചെമ്മണ്‍പാതകള്‍ മുഴുവന്‍
നിഴല്‍ പൂശി കറുപ്പിച്ചു.

തൂവിപ്പോയ നിഴലുകള്‍
ചേരാതിരിക്കുമിടങ്ങളാണ്‌
ചന്ദ്രനും നക്ഷത്രപൊട്ടുകളും.

നിഴലുകളൊന്നും
നരച്ചുവെളുക്കാത്തത്‌
അതിലൊരു തുള്ളിപോലും
വെളിച്ചം കേറാത്തതുകൊണ്ട്‌.

നിഴല്‍
പകല്‍ചിതയില്‍
നൃത്തംവയ്‌ക്കുന്ന
കരിഞ്ഞ ശരീരം.

നിഴല്‍
പ്രകാശം
ഒലിച്ചുപോയ
നീ തന്നെ.

ഞാനറിയുന്നുണ്ട്‌
എന്റെ നിഴല്‍
വിഴുപ്പുകളുടെ ഭാണ്ഡം
അതിലെന്റെ മുദ്രകള്‍
തെളിയുന്നുണ്ട്‌.

ലൈവ് ന്യൂസ്

ആദ്യ റിപ്പോര്‍ട്ട്‌
തീരദേശ ക്യാമ്പില്‍ നിന്ന്‌.

''പെട്ടെന്ന്‌
കാറ്റും കടലും നുരയിട്ട്‌
പതഞ്ഞുപൊന്തി
ഉള്ളിലെന്തോ
ചൊരിച്ചിലുള്ള മാതിരി
കണ്ണീരിലെ ഉപ്പു പോലും
കടല്‌ തിരിച്ചെടുത്തു.
എല്ലാം മറിച്ചിട്ട്‌ കാറ്റും.''

കണ്ണായകണ്ണെല്ലാം നിറഞ്ഞു.

രണ്ടാം റിപ്പോര്‍ട്ട്‌
മലയോര ക്യാമ്പില്‍ നിന്ന്‌.

''കഷ്ടകര്‍ക്കിടകത്തില്‍
തടംതിങ്ങി വന്ന പുഴ
എല്ലാം നികത്തി നീണ്ടു വളര്‍ന്നു
പറിച്ചു നട്ടതും
മുറിച്ചു കുത്തിയതും
നട്ടു നനച്ചതും
ഒന്നും തണല്‍ തരാന്‍
വലുപ്പത്തില്‍ വളര്‍ന്നില്ല.
കുറച്ചധികം ചത്തൊലിച്ചുപോയി.''

കഷ്ടചുളിവുകള്‍ വീണോര്‍

മൂന്നാം റിപ്പോര്‍ട്ട്‌
നഗരമധ്യത്തില്‍ നിന്ന്‌.

നഗരപറ്റങ്ങളിലൊരിടത്ത്‌
ഒരു പഴയ സ്‌കൂട്ടര്‍ ചാരിവച്ച്‌
മുടിയനായ ഒരു ചാവേര്‍.
എല്ലാം കൃത്യമായി സംഭവിച്ചു.
പിന്നെ
ഫയര്‍ഫോഴ്‌സ്‌ എഞ്ചിനുകളുടെ
തീ ചീറ്റുന്ന വെളിച്ചവും
നിറുത്താത്ത അലര്‍ച്ചയുമായിരുന്നു.
ആര്‍പ്പും ആരവങ്ങളും
നിലവിളിയും കണ്ണീരും കൂടിക്കലര്‍ന്നൊ-
രവിയല്‍ പാകത്തിലൊരു നഗരം
പാതിവെന്ത ശഴങ്ങള്‍ ഉണങ്ങാനിട്ട്‌
കാവലിരിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ക്കവസാനം
ന്യൂസ്‌ റീഡര്‍ എല്ലാം ക്രോഡീകരിച്ചു.

''കാറ്റും കടലും ശാന്തമാകുന്നില്ലല്ലോ?*
ദൈവമെന്ത്യേ?**
കുന്തുകാലില്‍ അനുചരര്‍ക്ക്‌
മീന്‍ ചുട്ടെടുക്കാന്‍
ശവപൊങ്ങുകെട്ടി
ചൂണ്ടയിട്ടിരിപ്പാണോ?''

പിന്നീട്‌
പ്രേക്ഷകന്റെ ഊഴമായിരുന്നു
അവന്‍
നാവനക്കാനാവാതെ
കൊക്കുരുമ്മാതെ
തിപോലും ഓളം വയ്‌ക്കാതെ
കൊറ്റിക്കണക്കേ
തെളിഞ്ഞു കാണാന്‍ പാകത്തില്‍
ആ വാര്‍ത്തയിലേക്ക്‌
നോക്കിയിരുന്നു.

അപ്പോള്‍
വെപ്രാളപ്പെട്ട്‌
മനുഷ്യനുവേണ്ടി ഓടിനടക്കുന്ന
ദൈവത്തിന്റെ ഛായ
കണ്‍പ്പരപ്പില്‍ തെളിയാന്‍ തുടങ്ങി.

ബൈബിള്‍
* ലൂക്കാ 8:22
** യോഹ. 21

അരുളപ്പാട്

എന്റെ കാഴ്‌ചയുടെ
കണ്‍വട്ട*കക്കകത്ത്‌്‌
തിളച്ചു വേവുന്നത്‌,
കാഴ്‌ച്ചകള്‍ മുറിഞ്ഞ
നിന്റെ കണ്ണുകളാണ്‌.

കാഴ്‌ചക്കപ്പുറം
നീ നിനക്കാതിരിക്കാന്‍
കണ്ണെന്ന കമ്പിവേലി കൂടുനല്‍കി.
ഇമകള്‍ ചേര്‍ത്തടക്കുക;
ശേഷം കാണുക
കാഴ്‌ചയുടെ കാണാപ്പുറങ്ങള്‍.
അപ്പോള്‍
കനിവുറവകള്‍ പൊടിയുന്ന
കാഴ്‌ച്ചയുടെ വക്കിലൊരു വേദന
കിനിയാന്‍ തുടങ്ങും.

ധവള സമൂഹം
കാഴ്‌ച്ചയുടെ കണ്ണട ധരിച്ചാല്‍
നേര്‍ക്കാഴ്‌ച്ച നഷ്ടമായ കാക്കയാണ്‌.
ചാഞ്ഞും ചരിഞ്ഞും
വശങ്ങളിലൂടെയത്‌ കണ്ണെറിയും.
നിന്റെ കാഴ്‌ചയിലൊന്നിനെ
കൊത്തിത്തിന്നതിന്‍ബാക്കി
ആരും എത്താത്ത ശിഖിരങ്ങളില്‍
ചീഞ്ഞളിയാനും മണക്കാനും
പാകത്തില്‍ നിവര്‍ത്തിയിടും.
അല്ലെന്ന്‌
അങ്ങനെയൊന്നുമല്ലെന്ന്‌
അലറി പറഞ്ഞാലും
അനങ്ങാതിരുന്നാലും
പറ്റങ്ങളില്‍നിന്നും നീ
ഒറ്റയായ്‌പോകും.

പുതിയവയ്‌ക്കായ്‌
മങ്ങിയും തെളിഞ്ഞും
കാഴ്‌ച്ചകള്‍
കണ്ണില്‍ തലതല്ലി മരിക്കുന്നു.
കണ്ണടച്ചു ചേര്‍ത്തുവയ്‌ക്കണോ?
കണ്‍തുറന്ന്‌ അടര്‍ത്തിമാറ്റണോ?
രണ്ടായാലും ദൈവമേ
എന്റെ കാഴ്‌ചക്കൊരു
കറുത്ത ശീലയുടെ
തണലു വേണം
ഒറ്റയായ്‌ പോകുമ്പോള്‍
കണ്ണു കലങ്ങാതിരിക്കുവാനതിനു ചൂറ്റും
തെളിമയുടെ വെള്ളം ചേര്‍ക്കണം.

* ചെറിയ ചെമ്പ്‌ പോലുള്ള പാത്രം

ഒറ്റയാന്‍

മുടിഞ്ഞ
മഴയുടെ മടിയില്‍,
നനഞ്ഞു തൂങ്ങിയൊരു
ഗുഡ്‌ മോണിങ്ങ്‌ കൊടുത്ത്‌
അവരെ മുഴുവന്‍
ഒറ്റയടിക്ക്‌ ഞാന്‍ ഒഴിവാക്കി.

കത്തുന്ന
പകലിന്റെ പാതിയില്‍,
ചാരം തൂളിയ
സോറി പറഞ്ഞ്‌
എനിക്കു മുമ്പിലെ
അധികാരികളെ മുഴുവന്‍
ഞാന്‍ പാട്ടിലാക്കി.

110 കെ.വി. ചിരിയുടെ
താങ്ക്‌സും കത്തിച്ച്‌
മുഴുവന്‍ ആനുകൂല്യങ്ങളിലും
വെളളപൂശി,
അവയെ മുഴുവന്‍ ഞാന്‍
കൈകിലാക്കി.

മുഷിഞ്ഞുനാറിയ
ദിനത്തിനറുതിയില്‍
പാതിമുറിയാറായ
ഒരു ഗുഡ്‌നൈറ്റും
കൊടുത്ത്‌
എന്നെതന്നെ ഞാന്‍
ഒഴിവാക്കി.

അമ്മ

അമ്മ
അലിഞ്ഞിറങ്ങുന്ന ആഴം.

ആളിക്കത്തി-
അമര്‍ന്നുപോകുമ്പോഴും
തേങ്ങിത്തേങ്ങി തെളിയാന്‍ ശ്രമിക്കുന്ന
പൊളംപൊന്തിയ മെഴുകുതിരി.

പൊടിഞ്ഞുകത്തുന്ന
നെരിപ്പോടായും
ഉലാത്തുന്ന വെളുമ്പി
നിലാവായും
ഉറഞ്ഞുത്തുള്ളുന്ന
ഉഷ്‌ണമായും
കീറിപ്പറിഞ്ഞ
മേഘങ്ങള്‍ക്കു താഴെ
തണലായും
ഋതുക്കളാകുന്നു
അമ്മ.
********************
പിന്നെപ്പിന്നെ
എന്നുമുതലാണ്‌
ഞാനെന്റെ
അമ്മയെ 'സ്‌നേഹാലയ'ത്തില്‍
ചെന്നു കാണാന്‍ തുടങ്ങിയത്‌.

മഴ

മഴ
മടിയന്റെ കണ്ണീരും
വിശക്കുന്നവന്റെ പട്ടിണിയുമാണ്‌.
മണ്ണില്ലാത്തവന്റെ കുഴിമാടവും
കൂട്ടം പിരിഞ്ഞവന്റെ
സഹചാരിയുമാണ്‌.

- കുട്ടൂക്കാരന്‍* -

മഴ
ഒരു വിഷമഭുജമാണ്‌.
ചീറിയടുത്ത്‌,
തോറ്റ്‌ തൊപ്പിയിട്ട്‌
കരഞ്ഞുമടങ്ങുന്ന കടലാണതിന്റെ
തുടക്കവും ഒടുക്കവും
ആദ്യവും അന്തവും നഷ്ടമായ
എന്റെ കൈയിലെ വളമാതിരി.

- അവള്‍ -

മഴ
വെയിലേറ്റു
നരച്ച വിരസതയാണ്‌.
വേനലിന്റെ നുരയും പതയുമാണ്‌.
മുതുക്കരുടെ കഷ്ടങ്ങള്‍
നിറഞ്ഞ പിറുപിറുക്കലാണ്‌.

- അമ്മ -

മഴ
മാനത്തിന്‌
ചിരുപൊട്ടുമ്പോള്‍
കൊലുസിന്‍ കിലുക്കത്തില്‍
തെറിച്ച കൊച്ചുനക്ഷത്രതുണ്ടുകളാണ്‌.

കടലാസുവഞ്ചിയില്‍ മഴ മുഴുവന്‍
ഞാന്‍ തുഴഞ്ഞ്‌ സഞ്ചരിച്ചിട്ടുണ്ട്‌
എന്റെ കടലാസുവിമാനങ്ങള്‍
മഴയില്‍ തണുത്തു വിറങ്ങലിച്ച്‌ മരിച്ചിട്ടുണ്ട്‌.
എന്നാലും മഴേടെ കഥപറഞ്ഞുള്ള-
കൂനികൂടി നടപ്പ്‌
എനിക്ക്‌ ഇഷ്ടമാണ്‌.

കണ്ണില്‍
മഴയുടെ നിറപെയ്‌ത്തുകള്‍
പിന്നീടായിരുന്നു
അവ്യക്തമായ
രൂപങ്‌ളില്‍ അപ്പോഴും
മഴ താളംപിടിച്ചുകൊണ്ടിരിക്കും;
ഒന്നും അറിയാത്തപ്പോലെ.

ദൈവത്തിന്റെ നിറം

ഒരിടത്ത്‌

പണ്ഡിതനും
പാമരനും
സുഹൃത്തുക്കളായ
ഒരു ഗ്രാമമുണ്ടായിരുന്നു

സദസ്സ്‌ കഴിഞ്ഞ്‌
പണ്ഡിതനും
പണികളെല്ലാം അവസാനിപ്പിച്ച്‌
പാമരനും
തണലുകളുടെ ഓരങ്ങളില്‍
ജീവിതം പറഞ്ഞിരിക്കുമായിരുന്നു.

പകര്‍ന്നും
പടര്‍ന്നും
ഇരുവരും പരസ്‌പരം
ചാഞ്ഞുകൊടുക്കാന്‍
പാകത്തില്‍ ബലമുള്ളവരായി.

ഒരിക്കല്‍
(മനുഷ്യസഹജമെന്നേ
പറയാനൊക്കൂ)
അവരിരുവരും
ഒരു തര്‍ക്കത്തിലാണ്ടു
വിഷയം
'ദൈവത്തിന്റെ നിറം'.

''സര്‍വ്വാഭരണ വിഭൂഷയായി
ചേലഞ്ചും ആടകള്‍ ചുറ്റിയെത്തും
ദൈവത്തിന്റെ നിറം തനി
തങ്കത്തിന്റേത്‌
അതലപ്പുറമൊന്നുമില്ല.
ഇതിഹാസങ്ങളും
ഇതര അക്ഷരങ്ങളും സാക്ഷ്‌ി''.
പണ്ഡിതപക്ഷം.

''കറുപ്പ്‌
ശുദ്ധമായ കറുപ്പ്‌.''
പാമരപക്ഷം.

ഇതള്‍ വിരിഞ്ഞു
താഴേക്കുതിര്‍ന്നുവീണ
അങ്കിതലപ്പ്‌ വലതുകൈയ്യാ-
ലെടുത്തിടതുകൈയ്യില്‍
ചുറ്റി, തലപ്പാവൊന്നു അമര്‍ത്തി
വെറ്റിലനീരൊന്നു നീ്‌ട്ടിത്തുപ്പി
സദസ്സിലെന്നപോലെ
പാമരനെ നോക്കി
പണ്ഡിതന്‍ പറഞ്ഞു
''വിശദീകരിക്കണം
കറുപ്പിനെ ഇഴ പിരിച്ച്‌
വിശദീകരിക്കണം.''

പാമരന്‍ പറഞ്ഞു
''കറുപ്പ്‌ എല്ലാമുള്ളവന്‌
ഒന്നുമില്ലാത്ത അവസ്ഥയും
ഒന്നുമില്ലാത്തവന്‌
എല്ലാമുള്ള അവസ്ഥയുമാണ്‌.
നിറങ്ങളും പ്രകാശങ്ങളും
കൈമോശം വരുന്ന
കറുപ്പന്‍ ജീവിതസന്ധികളിലല്ലേ
നിന്റെ ദൈവത്തിന്‌
ഉയിര്‌ വരാറുള്ളത്‌.''

തര്‍ക്കം എന്നത്തേയും പോലെ
ഇന്നും ശഠേന്ന്‌ അവസാനിച്ചു.
നാളം കാണാന്‍ അവര്‍
ഇ്‌ന്ന്‌ പിരിയുന്നു.

അവരുടെ വഴികളിലൊരിടത്തും
മുള്ളുകള്‍ മുളച്ചുപൊങ്ങിയില്ല
അവരുടെ നടുവിലൂടെ
ഒരു മതിലും വളര്‍ന്ന്‌്‌
ചരിത്രത്തില്‍ കടന്നില്ല.
ഒരു പത്രത്തിലും
ഫോട്ടോ സഹിതം റിപ്പോര്‍ട്ട്‌ വന്നില്ല.
അവര്‍ സാധാരണക്കാരായ
മനുഷ്യരായിരുന്നു.
അവര്‍ തണലുകളുടെ
ഓരങ്ങളില്‍ ജീവിതം
പറഞ്ഞിരിക്കുന്നവരായിരുന്നു.

ലാസ്റ്റ് ഫ്രെയിം

അയാളൊരു ഫോട്ടോഗ്രാഫറായിരുന്നു
വെയില്‍ കിളര്‍ത്തു പരക്കുന്ന
കറുകതലപ്പിലെ വെള്ളതുള്ളികളായിരുന്നു
അയാളുടെ അന്നത്തെ ആദ്യഫ്രെയും.
ക്ലിക്കിന്‌ തൊട്ടുമുമ്പ്‌
ആ കറുകതലപ്പിലേക്കൊരു മുയല്‍ ചാടിവീണു.

മുയല്‍
ജനുവരിയിലും വീഴുന്ന നരച്ച
മ്‌ഞ്ഞിന്റെ ഒരു കൂനയാണെന്നേ തോന്നൂ
ഇതുവരെ
ആമയോട്‌ തോറ്റ്‌
അകവും പുറവും വെന്ത്‌
തണല്‍ ചാരി ഉറക്കത്തിലായിരുന്നുപോലും
സ്വപ്‌നത്തില്‍ നാടയും മുറിച്ചെടുത്തു വരുന്ന
ഒരവ്യക്ത ജന്തു.

പിന്നീട്‌
കറുകതലപ്പും മുയലും
ഒറ്റ ക്ലിക്കിലൊതുക്കാന്‍ ശ്രമിക്കവേ
മുയല്‍ എന്തോ ആപത്തിലെന്നപോലെ
അയാളുടെ ഫ്രെയിമില്‍ നിന്നും
വഴുതിമാറി ഒറ്റകുതിപ്പ്‌
തൊട്ടുപിന്നിലതാ
കിതയ്‌ക്കുന്ന ഒരു വയസ്സന്‍ കുറുക്കന്‍.

കുറുക്കന്‍
മുന്തിരിത്തോപ്പില്‍ അതിക്രമിച്ചു കടന്നെങ്കിലും
ഇന്ന്‌ പട്ടയവും വാങ്ങി
അവിടെത്തന്നെ കാര്യസ്ഥന്‍.
തല മേല്‌പോട്ട്‌ വച്ച്‌
ഉറങ്ങാന്‍ കണ്ണടയ്‌ക്കുമ്പോഴൊക്കെ
കണ്ണിമയും തു
ച്ച് ആ 'പുളിച്ച' വെളിച്ചം.
ഞെട്ടി ഉണര്‍ന്ന്‌
വടിയൂന്നി കാല്‍വിരലുകളമര്‍ത്തിനടന്നു.
വീഴരുതല്ലോ
ഒന്നും ഒരിടത്തും നഷ്ടമാകരുതല്ലോ?

മുയലിന്‌ മുകളില്‍ ചാടിവീഴാന്‍
കുറുക്കന്‍ ശരീരം കുറുക്കി
പുല്ലിനോട്‌ അമര്‍ന്നിരിക്കാന്‍
തുടങ്ങുമ്പോഴാണ്‌
കുറുക്കന്‌ പിന്നില്‍
ഒരു സിംഹം ഫ്രെയിമില്‍ ഉണ്ടെന്ന്‌
അയാളറിഞ്ഞത്‌.

സിംഹം
രാജാവ്‌ തന്നെ
മുഖം മുന്നോട്ടൂന്നി കെടാറായ
പടുവൃക്ഷച്ചോട്ടില്‍
ചിതലറുത്ത വേരുകളൊന്നില്‍
ചാരിച്ചെരിഞ്ഞ്‌ കിടപ്പാണ്‌;
ചെവി വട്ടം പിടിച്ച്‌.

നാടമുറിച്ച്‌ മു്‌ന്നോട്ടായുന്ന ജീവി
കുറുക്കന്‍ തന്നെ
മുയല്‍ പിടഞ്ഞെണീറ്റോടി; കുറുക്കനും
മുയലിന്റെ ക്ഷീണവും
കുറുക്കന്റെ പ്രായവും
അവരിരുവരും ഒരിടത്തും അടുത്തില്ല.

വേരുതട്ടി മുയല്‍ വീണതും
കുറുക്കന്‍ തെറിച്ചതും
സിംഹം ഉറക്കംവിട്ടെണീറ്റതും
തിട്ടം ഒരേ സമയം.

പുല്ലിനും മുയലിനും
കുറുക്കനും സിംഹത്തിനും
ശേഷം അയാളുടെ ഫ്രെയിമിലേക്ക്‌
കയറിവന്നത്‌ സിംഹത്തിന്‌ നേരെ
പിടിച്ചിരിക്കുന്ന ഒരു ഇരട്ടക്കുഴല്‍
തോക്കിന്റെ മുന്‍ഭാഗമായിരുന്നു.

ഒരു കാല്‍പ്പെരുമാറ്റം
ഫോട്ടോഗ്രാഫറുടെ പിറകില്‍
കേട്ടെന്ന്‌...
ഇല്ലെന്ന്‌....
തോന്നിയതാവും... അല്ലെന്ന്‌...
ദൈവമേ...

മഴ നനയുന്ന വീട്

ഒരമ്മ

ഈ പെയ്യുന്ന
മഴകള്‍ക്കൊക്കെ മുമ്പ്‌
ലൈറ്റണച്ച്‌
വിളക്ക്‌ വച്ച്‌
ഓളമില്ലാത്ത
വെള്ളത്തിന്റെ ചെറുപാത്രവുമായ്‌
ഈയലുകള്‍ക്ക്‌ കെണിയൊരുക്കുന്നു.
വെള്ളത്തില്‍ വീണവ,
ഓളമുണ്ടാക്കി
പറക്കാന്‍ ശ്രമിച്ചു;
പറക്കമുറ്റാത്തപോലെ.

ഒരപ്പന്‍
കരകാണാഷ്ടകര്‍ക്കിടക
മഴയുടെ പാതിയില്‍
അടഞ്ഞ കൈവഴികളറിയാതെ
എണ്ണ നനച്ച പേപ്പര്‍ തൂക്കി
ഈയലുകള്‍ക്ക്‌ ചേക്കേറാനൊരു
കൂടുകെട്ടുന്നു.
ശേഷം
കൈയില്‍
നഷ്ടങ്ങളുടെ വിരലെണ്ണിമടക്കി
നിവര്‍ത്താന്‍ പറ്റാത്ത മുതുകുമായ്‌
നടന്നകലുന്നു.

ദൂരെ
മഴയില്‍
തളിരിലകള്‍ പൊഴിക്കുന്ന
ഒരു നാട്ടുമാവ്‌.

ഒരു മകന്‍
ഡിസക്ഷന്‍ ടേബിളില്‍
ചിറകെല്ലാം വരിഞ്ഞുകെട്ടി
ഈയലിനെ നടുകെ ഛേദിക്കുന്നു.
കരളും കാഴ്‌ചയും തുരന്ന്‌
അതിനകത്തേക്ക്‌;
സര്‍ട്ടിഫിക്കറ്റില്‍
എക്‌സലന്റ്‌ ഗ്രേഡും നിറച്ച്‌
പരീക്ഷകളില്‍ നിന്ന്‌
പുറത്തേക്ക്‌.

അമ്മക്കും അപ്പനും മകനും
രാവേറെ ചെന്നിട്ടും
ഉറക്കം വീണ്‌ കിടക്കുംമുമ്പ്‌
നീറി നീലിച്ച ഈയല്‍ച്ചിറകുകളുടെ
പടം പൊഴിച്ചുകളയാന്‍
അവര്‍്‌കകാര്‍ക്കും കഴിയുന്നില്ല.
പലതും
വെളിച്ചമൊഴിഞ്ഞ
അവരുടെ നിശ്വാസപാടങ്ങളില്‍
മഴത്തുള്ളികളെ നൊന്തു പ്രസവിക്കുന്നു.

ഇപ്പോള്‍
മിന്നല്‍ വരയുന്ന
വരമ്പുകള്‍ ഭേദിച്ച്‌
നേര്‍ത്ത ചിറകും വീശി
ഒരു ഈയല്‍ പറന്നുവരുന്നുണ്ട്‌.
തിരയടങ്ങാത്ത
അവരുടെ പാത്രങ്ങളില്‍
ളമില്ലാതെയലിയാന്‍ .

കരിക്കട്ട

മുറിയാതെ പെയ്യുന്ന
കര്‍ക്കിടക പാടങ്ങളില്‍
വെയില്‍ തിന്നുതിന്നാണെന്റെ
അപ്പന്‍
കറുകറുത്ത കരിക്കട്ടയായത്‌.

കരിപ്പിടിച്ച മുന്‍നിര
പല്ലുകളിലൊന്നടര്‍ന്നിട്ടും
ആ കരിക്കട്ടയിലൂതിയൂതിയാണ്‌
കണ്ണുകലങ്ങിയ മണ്‍കലത്തിന്‌
അമ്മ അടുപ്പുകൂട്ടി തീ പടര്‍ത്തിയത്‌.

വെണ്ണീറിന്‍ കീറുപാറാതെ
ആ കരിക്കട്ട നീറ്റിനീറ്റിയാണ്‌
ചുളിഞ്ഞെന്റെ വെള്ളയുടുപ്പുകള്‍
അനുജത്തി ഇസ്‌തിരിയിടാറ്‌.

ഇന്ന്‌ ഞാന്‍
ആ കരിക്കട്ടയിലൂതി
നിറക്കാറുണ്ടിത്തിരി
ഉപ്പില്‍ കലര്‍ന്നേന്‍
നിശ്വാസങ്ങള്‍

ആറ്റി തണുപ്പിക്കുവാനല്ല
നീറി നീറിയതിന്‍ ശല്‌ക്കങ്ങള്‍
എന്നിലലിയാന്‍
ആ കനലുപേറുന്ന കരിക്കട്ടയാവാന്‍

ഇപ്പോളെന്റെ പുകച്ചില്‌ കണ്ട്‌
എല്ലാവരും
വെളുക്കെ ചിരിക്ക്വാണ്‌.

ഉയര്‍ന്നുപൊങ്ങാന്‍
ഉള്ളിലൊരു വിമ്മിഷ്ടം
ഇല്ലാതെയെങ്ങനെ?

വാക്ക്

വാക്ക്‌
മൗനത്തിന്റെ തൊലിപ്പുറം
നൂലു മുറിഞ്ഞ നിറം തിങ്ങിയ പട്ടം.

ആര്‍ത്തലച്ചും
പെരുകിപെയ്‌തും
പൊട്ടിചിതറിയും
അലിഞ്ഞില്ലാതാകാന്‍
മരിക്കാന്‍ പിടയുന്ന പല്ലിവാലാണ്‌
വാക്ക്‌.

എപ്പോഴും വാക്ക്‌
ഒരു കനലൂതിച്ചുവപ്പിക്കാറുണ്ട്‌.

നുണകള്‍
നേരുകള്‍
നെറികേടുകള്‍
കയറ്റിറക്കങ്ങള്‍ക്കിടയിലെ
നീണ്ട സമതലങ്ങള്‍
സുഖദു:ഖങ്ങള്‍ക്കിടയില്‍
ഒഴിഞ്ഞുകിടക്കുന്ന
നിഷ്‌ക്രിയത്വങ്ങള്‍.
അങ്ങനെ എല്ലാം
വാക്കാണ്‌ വരച്ചു വച്ചത്‌.

ഉറക്കെയും
പതുക്കെയും
പറഞ്ഞാല്‍
ഒന്നില്‍നിന്ന്‌ പലതായ്‌ വിടരുന്ന
അര്‍ത്ഥം കുഴിച്ചിട്ട ഖനിപ്പുരകളാണ്‌
വാക്കുകള്‍.

പൊട്ടിയൊലിച്ച
വാക്കിനു താഴെനിന്ന്‌
മുഖംപൊത്തി കരഞ്ഞവരുണ്ട്‌.
അരങ്ങിലും
അണിയറയിലും
വാക്കിന്‍പ്പത്തി-
കൊണ്ടടികിട്ടി മരിച്ചവരുണ്ട്‌.

ചുറ്റിയും
ചിതറിയും
വശങ്ങളിലൂടെ
സ്ഥാനാസ്ഥാനങ്ങളില്‍
വാക്ക്‌ അള്ളിപിടിച്ച്‌ കയറാറുണ്ട്‌.
ചിരിയിലും
ചിന്തയിലും
വാക്ക്‌ നിറഞ്ഞ്‌
തിമിര്‍ത്താടാറുണ്ട്‌.

ഇത്രയൊക്കെയായിട്ടും
എന്റെ ദൈവമേ
നിന്നു കിതച്ചിട്ടുണ്ട്‌
ഒരു വാക്കു കിട്ടാതെ.

അവര്‍

തുടക്കത്തില്‍ അവര്‍
എല്ലാവരെയും സ്‌നേഹിച്ചു.
കണ്ണന്‍ച്ചിരട്ടയില്‍
ചുട്ടെടുത്തപ്പം പലപന്തികളിലായി
അവര്‍ മുറുച്ചുമുറിച്ച്‌ വിളമ്പി
എ്‌ല്ലാവരും ഭക്ഷിച്ച്‌ തൃപ്‌തരായി.

പ്രണയത്തില്‍
അവന്‍ അവളെയും
അവള്‍ അവനെയും
വാതോരാതെ സ്‌നേഹിച്ചു.
സ്‌നേഹത്താല്‍ അവര്‍
മണ്ണാങ്കട്ടയും കരിയിലയുമായി
കാറ്റത്ത്‌ പറ്റിപ്പിടിച്ചും
മഴയത്ത്‌ ചേര്‍ത്തുപിടിച്ചും
അവര്‍
ഇനിയൊരിക്കലും അലറിപെയ്യാന്‍
പറ്റാത്തവിധം
സ്‌നേഹത്തിന്റെ റിംങില്‍
കാറ്റിനേം മഴയേം തറപറ്റിച്ചു.

വിവാഹശേഷം
അവന്‍ അവനെയും
അവള്‍ അവളെയും
സ്‌നേഹിച്ചു.
അവന്‍ അവളുടെ
പുറത്തേക്ക്‌ തള്ളിവരുന്ന പല്ലിനെയും
അവള്‍ അവന്റെ
കയറിവരുന്ന കഷണ്ടിയെയും
സദാസമയവും വിളമ്പിക്കൊണ്ടിരുന്നു.

അനന്തരം
മക്കളോരോന്നിനേം ചേര്‍ത്ത്‌
ഇരുമുറികളിവര്‍
മുഖംതിരിച്ചിരിക്കുമ്പോള്‍
നിന്നെ സ്‌നേഹിക്കാനല്ല
നിനക്ക്‌ സ്‌നേഹിക്കാനാ
അവള്‍ എന്ന്‌
കിടപ്പുമുറിയില്‍ ചെന്ന്‌ അവനോടും
അടക്കളേല്‍ കയറി
അവളോടും
ദൈവം കിതച്ചു പറഞ്ഞിട്ടും
അവര്‍ക്കതൊന്നും
മനസ്സിലാകുന്നേയില്ല.

എന്നിട്ടും മക്കളെയവര്‍
തല്ലിപഠിപ്പിക്കും
ദൈവം സ്‌നേഹമാണെന്ന്‌.

ആദ്യങ്ങള്‍

ആദ്യം പോലീസുകാരനാകാനായിരുന്നു
പ്ലാവില തൊപ്പിവച്ച
കുഞ്ഞോന്റെ മുതുകിലിടിക്കുന്ന
ഉശിരന്‍ പോലീസ്‌.
കുഞ്ഞോന്‌ പൊക്കവും ശക്തിയും
കുറവായിരുന്നു.
ചാണകപുഴു പോലെ അവന്‍
ചുരുണ്ടുകിടക്കും.

പിന്നെ
ഇലക്ട്രീഷ്യന്‍
അതും വെറും ഇലക്ട്രീഷ്യനല്ല
ബാറ്ററീടെ അറ്റത്ത്‌ വേലി കമ്പി മുട്ടിച്ച്‌
ബള്‍ബ്‌ കത്തിക്കുന്ന,
പ്ലഗില്‌ ടെസ്റ്ററ്‌ വച്ച്‌
കറന്റ്‌ പരിശോധിക്കാന്‍ കഴിവുള്ള,
നക്ഷത്രത്തില്‍
മങ്ങിയും തെളിഞ്ഞും
പച്ചേം ചോപ്പും ബള്‍ബുകള്‍
തെളിയിക്കാന്‍ പ്രാപ്‌തിയുള്ളോന്‍.

അതുകഴിഞ്ഞ്‌
നെഞ്ചത്ത്‌ കാശു കൂടും കെട്ടി
അമ്മ വീടുവഴി പോകുന്ന
ബസിലെ കണ്ടക്ടറാകാന്‍
എനിക്കെന്നും അമ്മവീട്‌ കാണാലോ
പിന്നെ കിലുങ്ങുന്ന
കാശുകളും.

എട്ടീന്ന്‌ ഒമ്പതിലേക്ക്‌ ജയിച്ചിറങ്ങുമ്പോള്‍
സീത ടീച്ചറ്‌ ചോദിച്ചു.
''ഏയ്‌ ഇല്ല്യാ... കല്ല്യാണെന്നും കഴിക്കില്ല
പള്ളീലച്ചനാവാനാ ഇഷ്ടം''
''ഇഷ്‌്‌ട്ടായാ പോരാ അള്‍ത്താര
ബോയിയാവണം'' അമ്മ
''ഒറ്റക്ക്‌ കെടക്കണം പിന്നെ
ശവപറമ്പും.... അതാ ഞാനാകാത്തത്‌''
കൂട്ടുകാരന്‍.
''ന്നാ ഞാനും ആവണില്ല.''

സെക്കന്റ്‌്‌ ഗ്രൂപ്പീന്ന്‌ തേഡ്‌ ഗ്രൂപ്പിലേക്ക്‌
മാറുമ്പോള്‍
ഡോക്ടറീന്ന്‌ മാഷാവണമെന്നു
തന്നെയായിരുന്നു തീരുമാനം
ആഴ്‌ച്ചേല്‌ രണ്ടവധി പിന്നെ ഓണം
ക്രിസ്‌തുമസ്‌
വേനല്‌
ബന്ദും (നിരോധിച്ചെങ്കിലും)
ഹര്‍ത്താലും
ലോക്കല്‍ ഉത്സവങ്ങളും
എല്ലാം ബാധിക്കും
ഉയര്‍ന്നു പഠിച്ചാ കോളജില്‌ തന്നെ
പഠിപ്പിക്കാം
അപ്പോ
കാശും കാറും കെട്ടുമ്പോ കൂടുതല്‌ കിട്ടും
സമയപരീക്ഷകളാ
ശരിക്കുമെന്നെ പരീക്ഷിച്ചത്‌.

പിന്നെ
എഴുതിതുടങ്ങി
എളുപ്പത്തില്‍ എന്തെങ്കിലും

വര തുടങ്ങി
ഒന്നും തെളിയാതായി.

ഇപ്പോഴും ലക്ഷ്യമെന്നരാവണമാനിനു
പുറകിലുണ്ട്‌്‌്‌ ഞാന്‍
അതൊരിടത്തും നില്‍ക്കണില്ല
മേയിണില്ല
എന്നൊലൊട്ട്‌ ഓടിപോണൂല്ല്യാ
കൈയെത്തും ദൂരത്തിനും ഒരു ചാണ്‍
ദൂരയത്‌ മാറി നില്‌്‌്‌പുണ്ട്‌്‌്‌
ഉള്ളു നിറയെ ഓടാനുള്ള ത്വരയാണ്‌
ചുറ്റും വരഞ്ഞ വരകളില്‍ തട്ടി
മുട്ടു പൊട്ടുമോയെന്ന ഭയവും.

അവസാനകാരന്‍

അവര്‍ വില്ലാളിവീരന്മാരായിരുന്നു
ഗുരു മൊഴിഞ്ഞാല്‍ പിന്നെ
പറക്കുന്നതോ പാടുന്നതോ
ആടുന്നതോ അടയിരിക്കുന്നതോ
ഏങ്ങലടിക്കുന്നതോ
എണീല്‍ക്കാന്‍ പാകമാകാത്തതോ
ഏതുതരം കിളിയായാലും
കൊക്ക്‌
ചിറക്‌
കണ്ണ്‌
കാതിലെ കടുക്കന്‍
ചുണ്ടിലെ പവിഴനിറം
വാക്കിലെ തെളിമ
ഏതു വേണമെങ്കിലും
കൃത്യം
അവര്‍ എയ്‌തു വീഴ്‌ത്തും.


ഇല്ല,
അല്‌പം പോലും മറുചലനം.

ഇവര്‍ക്കൊക്കെ പുറകിലായിരുന്നു ഞാന്‍
ആഗ്രഹിക്കുന്നതില്‍ തറച്ചിടാന്‍
പാകത്തിലെയ്യുന്ന അമ്പുകളൊന്നും
ഒരിടത്തും ആഴ്‌ന്നിറങ്ങിയില്ല.

ഗുരുമൊഴിക്ക്‌ ശേഷവും
ശിഖിരത്തില്‍ കണ്‍തുറന്നിരിക്കുന്ന
പച്ചപനംതത്തെയെ മാത്രമല്ല
പച്ചിലകളില്‍ മുഖം പൊത്തുന്ന
കരിയിലകളെ
നിരങ്ങിനീങ്ങും നീറിന്‍കൂട്ടത്തെ
പൊടിച്ചുപൊന്തും ഇളംനാമ്പുകളെ
വശങ്ങളിലുള്ളവരെ
അരികെ തോളിലുറങ്ങും കുഞ്ഞുമായി
നില്‍ക്കുന്ന അനുജത്തിയെ
അകലെനിന്ന്‌
അരിയുമായി കിതച്ചെത്തുന്ന അപ്പനെ
അലക്കിയലക്കി വെളുത്തു വിളറി
കരയ്‌ക്കു കയറി വരുന്നമ്മയെ
അറിയാതെ പോകുന്ന അയല്‍പക്കങ്ങളെ
അറിഞ്ഞു തരുന്ന പരിഗണനകളെ
പടിയിറങ്ങുന്ന പരിചയങ്ങളെ
അലിഞ്ഞിറങ്ങുന്ന ഓര്‍മ്മകളെ
അവരെ
ഇവരെ
അങ്ങനെ എല്ലാം കാണുന്നു ഞാന്‍.

സത്യം
ഞാനൊരിക്കലും ഒന്നാമനാവില്ല.
പ്രണയമഷികളും
പ്രലോഭിതവടുക്കളും വീണ
ഈ അവസാനബെഞ്ചില്‍ തന്നെ.