വാക്ക്

വാക്ക്‌
മൗനത്തിന്റെ തൊലിപ്പുറം
നൂലു മുറിഞ്ഞ നിറം തിങ്ങിയ പട്ടം.

ആര്‍ത്തലച്ചും
പെരുകിപെയ്‌തും
പൊട്ടിചിതറിയും
അലിഞ്ഞില്ലാതാകാന്‍
മരിക്കാന്‍ പിടയുന്ന പല്ലിവാലാണ്‌
വാക്ക്‌.

എപ്പോഴും വാക്ക്‌
ഒരു കനലൂതിച്ചുവപ്പിക്കാറുണ്ട്‌.

നുണകള്‍
നേരുകള്‍
നെറികേടുകള്‍
കയറ്റിറക്കങ്ങള്‍ക്കിടയിലെ
നീണ്ട സമതലങ്ങള്‍
സുഖദു:ഖങ്ങള്‍ക്കിടയില്‍
ഒഴിഞ്ഞുകിടക്കുന്ന
നിഷ്‌ക്രിയത്വങ്ങള്‍.
അങ്ങനെ എല്ലാം
വാക്കാണ്‌ വരച്ചു വച്ചത്‌.

ഉറക്കെയും
പതുക്കെയും
പറഞ്ഞാല്‍
ഒന്നില്‍നിന്ന്‌ പലതായ്‌ വിടരുന്ന
അര്‍ത്ഥം കുഴിച്ചിട്ട ഖനിപ്പുരകളാണ്‌
വാക്കുകള്‍.

പൊട്ടിയൊലിച്ച
വാക്കിനു താഴെനിന്ന്‌
മുഖംപൊത്തി കരഞ്ഞവരുണ്ട്‌.
അരങ്ങിലും
അണിയറയിലും
വാക്കിന്‍പ്പത്തി-
കൊണ്ടടികിട്ടി മരിച്ചവരുണ്ട്‌.

ചുറ്റിയും
ചിതറിയും
വശങ്ങളിലൂടെ
സ്ഥാനാസ്ഥാനങ്ങളില്‍
വാക്ക്‌ അള്ളിപിടിച്ച്‌ കയറാറുണ്ട്‌.
ചിരിയിലും
ചിന്തയിലും
വാക്ക്‌ നിറഞ്ഞ്‌
തിമിര്‍ത്താടാറുണ്ട്‌.

ഇത്രയൊക്കെയായിട്ടും
എന്റെ ദൈവമേ
നിന്നു കിതച്ചിട്ടുണ്ട്‌
ഒരു വാക്കു കിട്ടാതെ.

അവര്‍

തുടക്കത്തില്‍ അവര്‍
എല്ലാവരെയും സ്‌നേഹിച്ചു.
കണ്ണന്‍ച്ചിരട്ടയില്‍
ചുട്ടെടുത്തപ്പം പലപന്തികളിലായി
അവര്‍ മുറുച്ചുമുറിച്ച്‌ വിളമ്പി
എ്‌ല്ലാവരും ഭക്ഷിച്ച്‌ തൃപ്‌തരായി.

പ്രണയത്തില്‍
അവന്‍ അവളെയും
അവള്‍ അവനെയും
വാതോരാതെ സ്‌നേഹിച്ചു.
സ്‌നേഹത്താല്‍ അവര്‍
മണ്ണാങ്കട്ടയും കരിയിലയുമായി
കാറ്റത്ത്‌ പറ്റിപ്പിടിച്ചും
മഴയത്ത്‌ ചേര്‍ത്തുപിടിച്ചും
അവര്‍
ഇനിയൊരിക്കലും അലറിപെയ്യാന്‍
പറ്റാത്തവിധം
സ്‌നേഹത്തിന്റെ റിംങില്‍
കാറ്റിനേം മഴയേം തറപറ്റിച്ചു.

വിവാഹശേഷം
അവന്‍ അവനെയും
അവള്‍ അവളെയും
സ്‌നേഹിച്ചു.
അവന്‍ അവളുടെ
പുറത്തേക്ക്‌ തള്ളിവരുന്ന പല്ലിനെയും
അവള്‍ അവന്റെ
കയറിവരുന്ന കഷണ്ടിയെയും
സദാസമയവും വിളമ്പിക്കൊണ്ടിരുന്നു.

അനന്തരം
മക്കളോരോന്നിനേം ചേര്‍ത്ത്‌
ഇരുമുറികളിവര്‍
മുഖംതിരിച്ചിരിക്കുമ്പോള്‍
നിന്നെ സ്‌നേഹിക്കാനല്ല
നിനക്ക്‌ സ്‌നേഹിക്കാനാ
അവള്‍ എന്ന്‌
കിടപ്പുമുറിയില്‍ ചെന്ന്‌ അവനോടും
അടക്കളേല്‍ കയറി
അവളോടും
ദൈവം കിതച്ചു പറഞ്ഞിട്ടും
അവര്‍ക്കതൊന്നും
മനസ്സിലാകുന്നേയില്ല.

എന്നിട്ടും മക്കളെയവര്‍
തല്ലിപഠിപ്പിക്കും
ദൈവം സ്‌നേഹമാണെന്ന്‌.

ആദ്യങ്ങള്‍

ആദ്യം പോലീസുകാരനാകാനായിരുന്നു
പ്ലാവില തൊപ്പിവച്ച
കുഞ്ഞോന്റെ മുതുകിലിടിക്കുന്ന
ഉശിരന്‍ പോലീസ്‌.
കുഞ്ഞോന്‌ പൊക്കവും ശക്തിയും
കുറവായിരുന്നു.
ചാണകപുഴു പോലെ അവന്‍
ചുരുണ്ടുകിടക്കും.

പിന്നെ
ഇലക്ട്രീഷ്യന്‍
അതും വെറും ഇലക്ട്രീഷ്യനല്ല
ബാറ്ററീടെ അറ്റത്ത്‌ വേലി കമ്പി മുട്ടിച്ച്‌
ബള്‍ബ്‌ കത്തിക്കുന്ന,
പ്ലഗില്‌ ടെസ്റ്ററ്‌ വച്ച്‌
കറന്റ്‌ പരിശോധിക്കാന്‍ കഴിവുള്ള,
നക്ഷത്രത്തില്‍
മങ്ങിയും തെളിഞ്ഞും
പച്ചേം ചോപ്പും ബള്‍ബുകള്‍
തെളിയിക്കാന്‍ പ്രാപ്‌തിയുള്ളോന്‍.

അതുകഴിഞ്ഞ്‌
നെഞ്ചത്ത്‌ കാശു കൂടും കെട്ടി
അമ്മ വീടുവഴി പോകുന്ന
ബസിലെ കണ്ടക്ടറാകാന്‍
എനിക്കെന്നും അമ്മവീട്‌ കാണാലോ
പിന്നെ കിലുങ്ങുന്ന
കാശുകളും.

എട്ടീന്ന്‌ ഒമ്പതിലേക്ക്‌ ജയിച്ചിറങ്ങുമ്പോള്‍
സീത ടീച്ചറ്‌ ചോദിച്ചു.
''ഏയ്‌ ഇല്ല്യാ... കല്ല്യാണെന്നും കഴിക്കില്ല
പള്ളീലച്ചനാവാനാ ഇഷ്ടം''
''ഇഷ്‌്‌ട്ടായാ പോരാ അള്‍ത്താര
ബോയിയാവണം'' അമ്മ
''ഒറ്റക്ക്‌ കെടക്കണം പിന്നെ
ശവപറമ്പും.... അതാ ഞാനാകാത്തത്‌''
കൂട്ടുകാരന്‍.
''ന്നാ ഞാനും ആവണില്ല.''

സെക്കന്റ്‌്‌ ഗ്രൂപ്പീന്ന്‌ തേഡ്‌ ഗ്രൂപ്പിലേക്ക്‌
മാറുമ്പോള്‍
ഡോക്ടറീന്ന്‌ മാഷാവണമെന്നു
തന്നെയായിരുന്നു തീരുമാനം
ആഴ്‌ച്ചേല്‌ രണ്ടവധി പിന്നെ ഓണം
ക്രിസ്‌തുമസ്‌
വേനല്‌
ബന്ദും (നിരോധിച്ചെങ്കിലും)
ഹര്‍ത്താലും
ലോക്കല്‍ ഉത്സവങ്ങളും
എല്ലാം ബാധിക്കും
ഉയര്‍ന്നു പഠിച്ചാ കോളജില്‌ തന്നെ
പഠിപ്പിക്കാം
അപ്പോ
കാശും കാറും കെട്ടുമ്പോ കൂടുതല്‌ കിട്ടും
സമയപരീക്ഷകളാ
ശരിക്കുമെന്നെ പരീക്ഷിച്ചത്‌.

പിന്നെ
എഴുതിതുടങ്ങി
എളുപ്പത്തില്‍ എന്തെങ്കിലും

വര തുടങ്ങി
ഒന്നും തെളിയാതായി.

ഇപ്പോഴും ലക്ഷ്യമെന്നരാവണമാനിനു
പുറകിലുണ്ട്‌്‌്‌ ഞാന്‍
അതൊരിടത്തും നില്‍ക്കണില്ല
മേയിണില്ല
എന്നൊലൊട്ട്‌ ഓടിപോണൂല്ല്യാ
കൈയെത്തും ദൂരത്തിനും ഒരു ചാണ്‍
ദൂരയത്‌ മാറി നില്‌്‌്‌പുണ്ട്‌്‌്‌
ഉള്ളു നിറയെ ഓടാനുള്ള ത്വരയാണ്‌
ചുറ്റും വരഞ്ഞ വരകളില്‍ തട്ടി
മുട്ടു പൊട്ടുമോയെന്ന ഭയവും.

അവസാനകാരന്‍

അവര്‍ വില്ലാളിവീരന്മാരായിരുന്നു
ഗുരു മൊഴിഞ്ഞാല്‍ പിന്നെ
പറക്കുന്നതോ പാടുന്നതോ
ആടുന്നതോ അടയിരിക്കുന്നതോ
ഏങ്ങലടിക്കുന്നതോ
എണീല്‍ക്കാന്‍ പാകമാകാത്തതോ
ഏതുതരം കിളിയായാലും
കൊക്ക്‌
ചിറക്‌
കണ്ണ്‌
കാതിലെ കടുക്കന്‍
ചുണ്ടിലെ പവിഴനിറം
വാക്കിലെ തെളിമ
ഏതു വേണമെങ്കിലും
കൃത്യം
അവര്‍ എയ്‌തു വീഴ്‌ത്തും.


ഇല്ല,
അല്‌പം പോലും മറുചലനം.

ഇവര്‍ക്കൊക്കെ പുറകിലായിരുന്നു ഞാന്‍
ആഗ്രഹിക്കുന്നതില്‍ തറച്ചിടാന്‍
പാകത്തിലെയ്യുന്ന അമ്പുകളൊന്നും
ഒരിടത്തും ആഴ്‌ന്നിറങ്ങിയില്ല.

ഗുരുമൊഴിക്ക്‌ ശേഷവും
ശിഖിരത്തില്‍ കണ്‍തുറന്നിരിക്കുന്ന
പച്ചപനംതത്തെയെ മാത്രമല്ല
പച്ചിലകളില്‍ മുഖം പൊത്തുന്ന
കരിയിലകളെ
നിരങ്ങിനീങ്ങും നീറിന്‍കൂട്ടത്തെ
പൊടിച്ചുപൊന്തും ഇളംനാമ്പുകളെ
വശങ്ങളിലുള്ളവരെ
അരികെ തോളിലുറങ്ങും കുഞ്ഞുമായി
നില്‍ക്കുന്ന അനുജത്തിയെ
അകലെനിന്ന്‌
അരിയുമായി കിതച്ചെത്തുന്ന അപ്പനെ
അലക്കിയലക്കി വെളുത്തു വിളറി
കരയ്‌ക്കു കയറി വരുന്നമ്മയെ
അറിയാതെ പോകുന്ന അയല്‍പക്കങ്ങളെ
അറിഞ്ഞു തരുന്ന പരിഗണനകളെ
പടിയിറങ്ങുന്ന പരിചയങ്ങളെ
അലിഞ്ഞിറങ്ങുന്ന ഓര്‍മ്മകളെ
അവരെ
ഇവരെ
അങ്ങനെ എല്ലാം കാണുന്നു ഞാന്‍.

സത്യം
ഞാനൊരിക്കലും ഒന്നാമനാവില്ല.
പ്രണയമഷികളും
പ്രലോഭിതവടുക്കളും വീണ
ഈ അവസാനബെഞ്ചില്‍ തന്നെ.