കൊതിചുണ്ട്

ആകാശം
മണ്ണിെന്‍റമാറിടം

മണ്ണ്
ആകാശത്തിെന്‍റ വേര്

മുലയൂട്ടാന്‍
ആകാശത്തിനും
കൊതികൊണ്ട്
ചുണ്ട്നുണയാന്‍
മണ്ണിനുംഅറിയാം

മഴയുണ്ടാകുന്നത്
ഇങ്ങനെയാണ്

അല്ലാതെ
കടല്‍വെളളം
ബാഷ്പീകരണം
മേഘങ്ങളുടെതമ്മില്‍തല്ല്...
എല്ലാംവെറുതെ

അടുക്കള

അമ്മയ്‌ക്ക്‌,
ചൂരെല്ലാം
പിടിച്ചടുക്കി സൂക്ഷിക്കുന്ന
ഒരു കൊതിയന്‍
വാലാട്ടിപ്പട്ടി

അപ്പന്‌,
ഉടലിലെ
ഉറകെടാത്ത
ഉപ്പുകളം

അനിയത്തിയ്‌ക്ക്‌,
നുണവര്‍ണ്ണ
കടലാസുകൂടുകള്‍ നിറഞ്ഞ
പൊട്ടിയ്‌ക്കാന്‍ ആളിലാത്ത
പഴയ ഒരു തപാല്‍പ്പെട്ടി

അനിയന്‍കുട്ടന്‌,
നനഞ്ഞു
മുറിഞ്ഞതൊക്കെ
മുറികൂട്ടുന്ന
വക്കുണങ്ങാത്ത
കഞ്ഞിപ്പശപാത്രം

അവള്‍ക്ക്‌,
ഉറഞ്ഞുകൂടാനും
ഉലഞ്ഞുപോകാനും
ഒരു ഉറവ

എനിക്ക്‌,
ഉച്ഛ്വാസ നിശ്വസ-
ങ്ങള്‍ക്കിടയിലെ
ഒറ്റവറ്റ്‌

മുറിവില്‍ തുന്നിയ കെണി

രാത്രി
സൂര്യനെ തിന്ന ഗരിമയാല്‍
വെളിച്ചം പോയവന്‍

പകല്‍ വെളിച്ചത്തില്‍
നഗരച്ചെരുവുകളിലെ
മൂക്കറ്റം നാറ്റത്തില്‍
ഓര്‍മ്മ പെരുക്കങ്ങളുടെ
ആട്ടതിറകളിലേക്കാണ്‌
മുക്കാലിയില്‍ക്കെട്ടി
നീയെന്നെ മേയാന്‍വിടുന്നത്‌

ഉച്ചയുടെ
മാവിന്‍ചുണ വീണുവിങ്ങി ;
പൊറ്റയടര്‍ന്നയീ
പൊടിപ്പറ്റിയ പകല്‍ തണലില്‍
കിതപ്പാറ്റാന്‍ ഇരിക്കുമ്പോള്‍
ശരീരമാസകലം
പൊളംപോല്‍ പൊന്തുന്നത്‌
മൃഗത്തോലണിഞ്ഞവരുടെ
കുളമ്പടികളാണ്‌

ഈ ദിനത്തിനറുതിയില്‍
ഒരരിപ്രാവും തളിരിലക്കൊത്തി
പറന്നെത്തിയില്ലയിതുവരേയും
എത്തും
അമ്പെല്ലാം പൊഴിച്ച്‌
തളിരിലകളാല്‍ പുതഞ്ഞ്‌
ഉറുമ്പുകളാല്‍ ചുമന്ന്‌

അമീബ

കൈ
താളമിട്ട്‌ കൃഷ്‌ണന്‍
തുറന്ന്‌ ബുദ്ധന്‍
തറച്ചുവച്ച്‌ ക്രിസ്‌തു
കഴുകി രാജാവ്‌
വിരലടര്‍ത്തി ശിഷ്യന്‍

കൈ
കൂപ്പിപിടിച്ച്‌ ഭക്‌തന്‍
വീശിയെറിഞ്ഞ്‌ അഭ്യാസി
ചുരുട്ടിയെറിഞ്ഞ്‌ വിപ്ലവകാരി
കൂട്ടിത്തിരുമി പണ്‌ഡിതന്‍
വയറ്റത്തടിച്ച്‌ പട്ടിണി
കോര്‍ത്തുരുമി പ്രണയം

ഇങ്ങനെ
ആരുവേണമെങ്കിലും
ആകാം

കൈ വെള്ളയില്‍
പുറംതോട്‌ പൊട്ടാന്‍
ഉള്ളില്‍ പിടയുന്ന
ഈ പ്യൂപ്പ
ഞാനെന്തുചെയ്യണം ?

കരിങ്കണന്‍
കോലംകെട്ടി
എത്രനേരം
പകല്‍
ചോര്‍ന്നൊലിക്കുന്ന
ഈ ആകാശത്തിനു
താഴെ ?