ദൈവത്തിന്റെ നിറം

ഒരിടത്ത്‌

പണ്ഡിതനും
പാമരനും
സുഹൃത്തുക്കളായ
ഒരു ഗ്രാമമുണ്ടായിരുന്നു

സദസ്സ്‌ കഴിഞ്ഞ്‌
പണ്ഡിതനും
പണികളെല്ലാം അവസാനിപ്പിച്ച്‌
പാമരനും
തണലുകളുടെ ഓരങ്ങളില്‍
ജീവിതം പറഞ്ഞിരിക്കുമായിരുന്നു.

പകര്‍ന്നും
പടര്‍ന്നും
ഇരുവരും പരസ്‌പരം
ചാഞ്ഞുകൊടുക്കാന്‍
പാകത്തില്‍ ബലമുള്ളവരായി.

ഒരിക്കല്‍
(മനുഷ്യസഹജമെന്നേ
പറയാനൊക്കൂ)
അവരിരുവരും
ഒരു തര്‍ക്കത്തിലാണ്ടു
വിഷയം
'ദൈവത്തിന്റെ നിറം'.

''സര്‍വ്വാഭരണ വിഭൂഷയായി
ചേലഞ്ചും ആടകള്‍ ചുറ്റിയെത്തും
ദൈവത്തിന്റെ നിറം തനി
തങ്കത്തിന്റേത്‌
അതലപ്പുറമൊന്നുമില്ല.
ഇതിഹാസങ്ങളും
ഇതര അക്ഷരങ്ങളും സാക്ഷ്‌ി''.
പണ്ഡിതപക്ഷം.

''കറുപ്പ്‌
ശുദ്ധമായ കറുപ്പ്‌.''
പാമരപക്ഷം.

ഇതള്‍ വിരിഞ്ഞു
താഴേക്കുതിര്‍ന്നുവീണ
അങ്കിതലപ്പ്‌ വലതുകൈയ്യാ-
ലെടുത്തിടതുകൈയ്യില്‍
ചുറ്റി, തലപ്പാവൊന്നു അമര്‍ത്തി
വെറ്റിലനീരൊന്നു നീ്‌ട്ടിത്തുപ്പി
സദസ്സിലെന്നപോലെ
പാമരനെ നോക്കി
പണ്ഡിതന്‍ പറഞ്ഞു
''വിശദീകരിക്കണം
കറുപ്പിനെ ഇഴ പിരിച്ച്‌
വിശദീകരിക്കണം.''

പാമരന്‍ പറഞ്ഞു
''കറുപ്പ്‌ എല്ലാമുള്ളവന്‌
ഒന്നുമില്ലാത്ത അവസ്ഥയും
ഒന്നുമില്ലാത്തവന്‌
എല്ലാമുള്ള അവസ്ഥയുമാണ്‌.
നിറങ്ങളും പ്രകാശങ്ങളും
കൈമോശം വരുന്ന
കറുപ്പന്‍ ജീവിതസന്ധികളിലല്ലേ
നിന്റെ ദൈവത്തിന്‌
ഉയിര്‌ വരാറുള്ളത്‌.''

തര്‍ക്കം എന്നത്തേയും പോലെ
ഇന്നും ശഠേന്ന്‌ അവസാനിച്ചു.
നാളം കാണാന്‍ അവര്‍
ഇ്‌ന്ന്‌ പിരിയുന്നു.

അവരുടെ വഴികളിലൊരിടത്തും
മുള്ളുകള്‍ മുളച്ചുപൊങ്ങിയില്ല
അവരുടെ നടുവിലൂടെ
ഒരു മതിലും വളര്‍ന്ന്‌്‌
ചരിത്രത്തില്‍ കടന്നില്ല.
ഒരു പത്രത്തിലും
ഫോട്ടോ സഹിതം റിപ്പോര്‍ട്ട്‌ വന്നില്ല.
അവര്‍ സാധാരണക്കാരായ
മനുഷ്യരായിരുന്നു.
അവര്‍ തണലുകളുടെ
ഓരങ്ങളില്‍ ജീവിതം
പറഞ്ഞിരിക്കുന്നവരായിരുന്നു.

ലാസ്റ്റ് ഫ്രെയിം

അയാളൊരു ഫോട്ടോഗ്രാഫറായിരുന്നു
വെയില്‍ കിളര്‍ത്തു പരക്കുന്ന
കറുകതലപ്പിലെ വെള്ളതുള്ളികളായിരുന്നു
അയാളുടെ അന്നത്തെ ആദ്യഫ്രെയും.
ക്ലിക്കിന്‌ തൊട്ടുമുമ്പ്‌
ആ കറുകതലപ്പിലേക്കൊരു മുയല്‍ ചാടിവീണു.

മുയല്‍
ജനുവരിയിലും വീഴുന്ന നരച്ച
മ്‌ഞ്ഞിന്റെ ഒരു കൂനയാണെന്നേ തോന്നൂ
ഇതുവരെ
ആമയോട്‌ തോറ്റ്‌
അകവും പുറവും വെന്ത്‌
തണല്‍ ചാരി ഉറക്കത്തിലായിരുന്നുപോലും
സ്വപ്‌നത്തില്‍ നാടയും മുറിച്ചെടുത്തു വരുന്ന
ഒരവ്യക്ത ജന്തു.

പിന്നീട്‌
കറുകതലപ്പും മുയലും
ഒറ്റ ക്ലിക്കിലൊതുക്കാന്‍ ശ്രമിക്കവേ
മുയല്‍ എന്തോ ആപത്തിലെന്നപോലെ
അയാളുടെ ഫ്രെയിമില്‍ നിന്നും
വഴുതിമാറി ഒറ്റകുതിപ്പ്‌
തൊട്ടുപിന്നിലതാ
കിതയ്‌ക്കുന്ന ഒരു വയസ്സന്‍ കുറുക്കന്‍.

കുറുക്കന്‍
മുന്തിരിത്തോപ്പില്‍ അതിക്രമിച്ചു കടന്നെങ്കിലും
ഇന്ന്‌ പട്ടയവും വാങ്ങി
അവിടെത്തന്നെ കാര്യസ്ഥന്‍.
തല മേല്‌പോട്ട്‌ വച്ച്‌
ഉറങ്ങാന്‍ കണ്ണടയ്‌ക്കുമ്പോഴൊക്കെ
കണ്ണിമയും തു
ച്ച് ആ 'പുളിച്ച' വെളിച്ചം.
ഞെട്ടി ഉണര്‍ന്ന്‌
വടിയൂന്നി കാല്‍വിരലുകളമര്‍ത്തിനടന്നു.
വീഴരുതല്ലോ
ഒന്നും ഒരിടത്തും നഷ്ടമാകരുതല്ലോ?

മുയലിന്‌ മുകളില്‍ ചാടിവീഴാന്‍
കുറുക്കന്‍ ശരീരം കുറുക്കി
പുല്ലിനോട്‌ അമര്‍ന്നിരിക്കാന്‍
തുടങ്ങുമ്പോഴാണ്‌
കുറുക്കന്‌ പിന്നില്‍
ഒരു സിംഹം ഫ്രെയിമില്‍ ഉണ്ടെന്ന്‌
അയാളറിഞ്ഞത്‌.

സിംഹം
രാജാവ്‌ തന്നെ
മുഖം മുന്നോട്ടൂന്നി കെടാറായ
പടുവൃക്ഷച്ചോട്ടില്‍
ചിതലറുത്ത വേരുകളൊന്നില്‍
ചാരിച്ചെരിഞ്ഞ്‌ കിടപ്പാണ്‌;
ചെവി വട്ടം പിടിച്ച്‌.

നാടമുറിച്ച്‌ മു്‌ന്നോട്ടായുന്ന ജീവി
കുറുക്കന്‍ തന്നെ
മുയല്‍ പിടഞ്ഞെണീറ്റോടി; കുറുക്കനും
മുയലിന്റെ ക്ഷീണവും
കുറുക്കന്റെ പ്രായവും
അവരിരുവരും ഒരിടത്തും അടുത്തില്ല.

വേരുതട്ടി മുയല്‍ വീണതും
കുറുക്കന്‍ തെറിച്ചതും
സിംഹം ഉറക്കംവിട്ടെണീറ്റതും
തിട്ടം ഒരേ സമയം.

പുല്ലിനും മുയലിനും
കുറുക്കനും സിംഹത്തിനും
ശേഷം അയാളുടെ ഫ്രെയിമിലേക്ക്‌
കയറിവന്നത്‌ സിംഹത്തിന്‌ നേരെ
പിടിച്ചിരിക്കുന്ന ഒരു ഇരട്ടക്കുഴല്‍
തോക്കിന്റെ മുന്‍ഭാഗമായിരുന്നു.

ഒരു കാല്‍പ്പെരുമാറ്റം
ഫോട്ടോഗ്രാഫറുടെ പിറകില്‍
കേട്ടെന്ന്‌...
ഇല്ലെന്ന്‌....
തോന്നിയതാവും... അല്ലെന്ന്‌...
ദൈവമേ...

മഴ നനയുന്ന വീട്

ഒരമ്മ

ഈ പെയ്യുന്ന
മഴകള്‍ക്കൊക്കെ മുമ്പ്‌
ലൈറ്റണച്ച്‌
വിളക്ക്‌ വച്ച്‌
ഓളമില്ലാത്ത
വെള്ളത്തിന്റെ ചെറുപാത്രവുമായ്‌
ഈയലുകള്‍ക്ക്‌ കെണിയൊരുക്കുന്നു.
വെള്ളത്തില്‍ വീണവ,
ഓളമുണ്ടാക്കി
പറക്കാന്‍ ശ്രമിച്ചു;
പറക്കമുറ്റാത്തപോലെ.

ഒരപ്പന്‍
കരകാണാഷ്ടകര്‍ക്കിടക
മഴയുടെ പാതിയില്‍
അടഞ്ഞ കൈവഴികളറിയാതെ
എണ്ണ നനച്ച പേപ്പര്‍ തൂക്കി
ഈയലുകള്‍ക്ക്‌ ചേക്കേറാനൊരു
കൂടുകെട്ടുന്നു.
ശേഷം
കൈയില്‍
നഷ്ടങ്ങളുടെ വിരലെണ്ണിമടക്കി
നിവര്‍ത്താന്‍ പറ്റാത്ത മുതുകുമായ്‌
നടന്നകലുന്നു.

ദൂരെ
മഴയില്‍
തളിരിലകള്‍ പൊഴിക്കുന്ന
ഒരു നാട്ടുമാവ്‌.

ഒരു മകന്‍
ഡിസക്ഷന്‍ ടേബിളില്‍
ചിറകെല്ലാം വരിഞ്ഞുകെട്ടി
ഈയലിനെ നടുകെ ഛേദിക്കുന്നു.
കരളും കാഴ്‌ചയും തുരന്ന്‌
അതിനകത്തേക്ക്‌;
സര്‍ട്ടിഫിക്കറ്റില്‍
എക്‌സലന്റ്‌ ഗ്രേഡും നിറച്ച്‌
പരീക്ഷകളില്‍ നിന്ന്‌
പുറത്തേക്ക്‌.

അമ്മക്കും അപ്പനും മകനും
രാവേറെ ചെന്നിട്ടും
ഉറക്കം വീണ്‌ കിടക്കുംമുമ്പ്‌
നീറി നീലിച്ച ഈയല്‍ച്ചിറകുകളുടെ
പടം പൊഴിച്ചുകളയാന്‍
അവര്‍്‌കകാര്‍ക്കും കഴിയുന്നില്ല.
പലതും
വെളിച്ചമൊഴിഞ്ഞ
അവരുടെ നിശ്വാസപാടങ്ങളില്‍
മഴത്തുള്ളികളെ നൊന്തു പ്രസവിക്കുന്നു.

ഇപ്പോള്‍
മിന്നല്‍ വരയുന്ന
വരമ്പുകള്‍ ഭേദിച്ച്‌
നേര്‍ത്ത ചിറകും വീശി
ഒരു ഈയല്‍ പറന്നുവരുന്നുണ്ട്‌.
തിരയടങ്ങാത്ത
അവരുടെ പാത്രങ്ങളില്‍
ളമില്ലാതെയലിയാന്‍ .

കരിക്കട്ട

മുറിയാതെ പെയ്യുന്ന
കര്‍ക്കിടക പാടങ്ങളില്‍
വെയില്‍ തിന്നുതിന്നാണെന്റെ
അപ്പന്‍
കറുകറുത്ത കരിക്കട്ടയായത്‌.

കരിപ്പിടിച്ച മുന്‍നിര
പല്ലുകളിലൊന്നടര്‍ന്നിട്ടും
ആ കരിക്കട്ടയിലൂതിയൂതിയാണ്‌
കണ്ണുകലങ്ങിയ മണ്‍കലത്തിന്‌
അമ്മ അടുപ്പുകൂട്ടി തീ പടര്‍ത്തിയത്‌.

വെണ്ണീറിന്‍ കീറുപാറാതെ
ആ കരിക്കട്ട നീറ്റിനീറ്റിയാണ്‌
ചുളിഞ്ഞെന്റെ വെള്ളയുടുപ്പുകള്‍
അനുജത്തി ഇസ്‌തിരിയിടാറ്‌.

ഇന്ന്‌ ഞാന്‍
ആ കരിക്കട്ടയിലൂതി
നിറക്കാറുണ്ടിത്തിരി
ഉപ്പില്‍ കലര്‍ന്നേന്‍
നിശ്വാസങ്ങള്‍

ആറ്റി തണുപ്പിക്കുവാനല്ല
നീറി നീറിയതിന്‍ ശല്‌ക്കങ്ങള്‍
എന്നിലലിയാന്‍
ആ കനലുപേറുന്ന കരിക്കട്ടയാവാന്‍

ഇപ്പോളെന്റെ പുകച്ചില്‌ കണ്ട്‌
എല്ലാവരും
വെളുക്കെ ചിരിക്ക്വാണ്‌.

ഉയര്‍ന്നുപൊങ്ങാന്‍
ഉള്ളിലൊരു വിമ്മിഷ്ടം
ഇല്ലാതെയെങ്ങനെ?