വിത്ത്

വെയിലും
മഴയുമേറ്റ്‌
ഒരു വിത്ത്‌,
കിളിര്‍ക്കാതെ
കാക്കയും കഴുകനും കൊത്താതെ
മുറ്റത്ത്‌ കിടക്കുന്നു.

മഴകള്‍
അലറിവിളിച്ച്‌ പേടിപ്പിച്ചിട്ടും
ചിതറി തെറിപ്പിച്ച്‌ പെയ്‌തിറങ്ങീട്ടും
നനഞ്ഞൊഴിഞ്ഞതല്ലാതെ
അതില്‍ മുളപ്പൊട്ടിയില്ല.

വെയില്‍
കാരിരുമ്പാണി മാതിരി
തുളച്ചുകയറീട്ടും
കണ്ണില്‍ കനലിന്റെ രൗദ്രത
തീര്‍ത്തിട്ടും
വിത്ത്‌
ഉരുണ്ടും പെരണ്ടും
ചിനക്കാതെ കിടന്‌ു.

കള്ളനും പോലീസും കളിയില്‍
ചവിട്ടേറ്റിട്ടും
കിളിമാസിന്റെ വരയില്‍ നിന്ന്‌
തൊഴിച്ചുമാറ്റീട്ടും
ലഗോറിയിലെ ഏറുകൊണ്ട്‌
മുറിഞ്ഞുവീണിട്ടും
കിളിര്‍ക്കാന്‍ പാകത്തിലതിനകത്തേക്ക്‌
ഒരിറ്റു വെള്ളവും വെളിച്ചവും കയറിയില്ല.

നാളെ
ഒരുവട്ടംകൂടി കിളച്ചു വളമിട്ടു വളര്‍ത്താന്‍
പാകത്തില്‍ ക്ഷമയുള്‌ല അയാള്‍ വന്നെന്നിരിക്കാം
കൂനയില്‍നിന്ന്‌ കുന്നിലേക്ക്‌ മാറ്റപ്പെടാം
തളിരും കുളിരും പെയ്യുന്ന തണലായ്‌
മറ്റുള്ളവരിലേക്ക്‌ നിവര്‍ന്നെന്നും വരാം;
ഇതൊന്നുമാവാതെയും.

ഈ വിത്തിന്‌ എന്റെ പേരാണ്‌.


ഇന്‍ബോക്സില്‍ സംഭവികുന്നത്

സന്ധ്യകളില്‍
വാലിട്ടടിച്ചും
ചെകളപൂ വിടര്‍ത്തിയും
എന്നുമെന്നോണം
അവളെന്റെ
കണ്‍ചിറയില്‍
ഓളഒച്ചയുണ്ടാക്കാതെ
വരുന്നുണ്ട്‌.

രാത്രി ഉറക്കങ്ങളില്‍ ഞാന്‍
പൊട്ടിയ ഈരകു
ള്‍ കൂട്ടികെട്ടിയ
ഒരു നീളന്‍ ചൂണ്ട
(കൊളുത്തില്‍ ഒരു ഇകളും കോര്‍ക്കാത്തത്‌)
അവള്‍ക്കുവേണ്ടി
സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു.

രാവിലെ
ഉണര്‍ന്നെണീറ്റ
എനിക്കരികെ അവള്‍
പറക്കാന്‍ മുളച്ച ചിറകുകള്‍
വളരുന്നുണ്ടോയെന്നറിയാന്‍
കാത്തിരിക്കുകയായിരുന്നു.

ദേ
പ്പോള്‍
കീറിയെടുത്ത
ഈ വര്‍ണ്ണക്കടലാസുകള്‍ കൊണ്ടൊരു
പട്ടം പണിയുകയാണ്‌ ഞാന്‍.
ഇനിയതില്‍ നൂലുകള്‍ ചേര്‍ത്തുകെട്ടി
അവളുടെ രാജ്യത്തില്‍ കടക്കണം;
ഇന്നെങ്കിലും.

മലക്കുകള്‍ ഖബറു തുറന്ന്‌
അവളെ ചേര്‍ത്തെണ്ണും മുമ്പേ.