ഇടം

.................................
...............................
അല്ലെങ്കില്‍ ഇന്ന്‌
പകലിന്‍െറ ഒരില അറുതെടുത്ത്‌
പ്ലാവില തൊപ്പിയില്‍ തുന്നി
നമുക്ക്‌
കള്ളനും പോലീസും കളിക്കാം

വേണ്‌ട വേണ്‌ട
നമുക്കീയുച്ചയുടെ
പച്ചയില്‍ കുളിച്ച്‌
വെയിലുകൊണ്‌ട്‌ കുറി വരച്ച്‌
തണലുകൊണ്‌ടൊരു
മാലകെട്ടി;
ചാര്‍ത്തി
കല്ല്യാണം കളിക്കാം

അതുപ്പിന്നെ.
ഇപ്പോള്‍,വെയില്‍ചാഞ്ഞയീ-
തോടിന്‍ക്കരയില്‍
കുഞ്ഞോളങ്ങള്‍ക്ക്‌ മൂക്കുകയറിട്ട്‌
മുന്നാഴി ഇരുന്നാഴി ആകാശം-
അളന്നിട്ടടപ്പുക്കത്തിച്ച്‌
നമുക്ക്‌
കുഞ്ഞോലപ്പുര വച്ചു കളിക്കാം.

അതിനുമുമ്പ്‌
ആരും കാണാതെ
രാത്രിയുടെ പിന്നോടാമ്പല്‍ വാതില്‍
തള്ളിതുറന്ന്‌
നിലാവ്‌ ചേര്‍ത്തരച്ച-
നമ്മുടെ കിനാവുകള്‍
നിന്‍െറ കൈവെള്ളയില്‍
മൈലാഞ്ചി ചിത്രങ്ങളായി
ഞാന്‍ മെടഞ്ഞിടാം

കളി തീര്‍ച്ചയാക്കി
മറയും മുമ്പേ
തലയില്‍തൊട്ട്‌ പറയൂ
സഖേ സത്യം
നമ്മളില്‍ ആരാണ്‌
ആദ്യം മരിച്ചത്‌..?