മുറിവില്‍ തുന്നിയ കെണി

രാത്രി
സൂര്യനെ തിന്ന ഗരിമയാല്‍
വെളിച്ചം പോയവന്‍

പകല്‍ വെളിച്ചത്തില്‍
നഗരച്ചെരുവുകളിലെ
മൂക്കറ്റം നാറ്റത്തില്‍
ഓര്‍മ്മ പെരുക്കങ്ങളുടെ
ആട്ടതിറകളിലേക്കാണ്‌
മുക്കാലിയില്‍ക്കെട്ടി
നീയെന്നെ മേയാന്‍വിടുന്നത്‌

ഉച്ചയുടെ
മാവിന്‍ചുണ വീണുവിങ്ങി ;
പൊറ്റയടര്‍ന്നയീ
പൊടിപ്പറ്റിയ പകല്‍ തണലില്‍
കിതപ്പാറ്റാന്‍ ഇരിക്കുമ്പോള്‍
ശരീരമാസകലം
പൊളംപോല്‍ പൊന്തുന്നത്‌
മൃഗത്തോലണിഞ്ഞവരുടെ
കുളമ്പടികളാണ്‌

ഈ ദിനത്തിനറുതിയില്‍
ഒരരിപ്രാവും തളിരിലക്കൊത്തി
പറന്നെത്തിയില്ലയിതുവരേയും
എത്തും
അമ്പെല്ലാം പൊഴിച്ച്‌
തളിരിലകളാല്‍ പുതഞ്ഞ്‌
ഉറുമ്പുകളാല്‍ ചുമന്ന്‌