മഴ നനയുന്ന വീട്

ഒരമ്മ

ഈ പെയ്യുന്ന
മഴകള്‍ക്കൊക്കെ മുമ്പ്‌
ലൈറ്റണച്ച്‌
വിളക്ക്‌ വച്ച്‌
ഓളമില്ലാത്ത
വെള്ളത്തിന്റെ ചെറുപാത്രവുമായ്‌
ഈയലുകള്‍ക്ക്‌ കെണിയൊരുക്കുന്നു.
വെള്ളത്തില്‍ വീണവ,
ഓളമുണ്ടാക്കി
പറക്കാന്‍ ശ്രമിച്ചു;
പറക്കമുറ്റാത്തപോലെ.

ഒരപ്പന്‍
കരകാണാഷ്ടകര്‍ക്കിടക
മഴയുടെ പാതിയില്‍
അടഞ്ഞ കൈവഴികളറിയാതെ
എണ്ണ നനച്ച പേപ്പര്‍ തൂക്കി
ഈയലുകള്‍ക്ക്‌ ചേക്കേറാനൊരു
കൂടുകെട്ടുന്നു.
ശേഷം
കൈയില്‍
നഷ്ടങ്ങളുടെ വിരലെണ്ണിമടക്കി
നിവര്‍ത്താന്‍ പറ്റാത്ത മുതുകുമായ്‌
നടന്നകലുന്നു.

ദൂരെ
മഴയില്‍
തളിരിലകള്‍ പൊഴിക്കുന്ന
ഒരു നാട്ടുമാവ്‌.

ഒരു മകന്‍
ഡിസക്ഷന്‍ ടേബിളില്‍
ചിറകെല്ലാം വരിഞ്ഞുകെട്ടി
ഈയലിനെ നടുകെ ഛേദിക്കുന്നു.
കരളും കാഴ്‌ചയും തുരന്ന്‌
അതിനകത്തേക്ക്‌;
സര്‍ട്ടിഫിക്കറ്റില്‍
എക്‌സലന്റ്‌ ഗ്രേഡും നിറച്ച്‌
പരീക്ഷകളില്‍ നിന്ന്‌
പുറത്തേക്ക്‌.

അമ്മക്കും അപ്പനും മകനും
രാവേറെ ചെന്നിട്ടും
ഉറക്കം വീണ്‌ കിടക്കുംമുമ്പ്‌
നീറി നീലിച്ച ഈയല്‍ച്ചിറകുകളുടെ
പടം പൊഴിച്ചുകളയാന്‍
അവര്‍്‌കകാര്‍ക്കും കഴിയുന്നില്ല.
പലതും
വെളിച്ചമൊഴിഞ്ഞ
അവരുടെ നിശ്വാസപാടങ്ങളില്‍
മഴത്തുള്ളികളെ നൊന്തു പ്രസവിക്കുന്നു.

ഇപ്പോള്‍
മിന്നല്‍ വരയുന്ന
വരമ്പുകള്‍ ഭേദിച്ച്‌
നേര്‍ത്ത ചിറകും വീശി
ഒരു ഈയല്‍ പറന്നുവരുന്നുണ്ട്‌.
തിരയടങ്ങാത്ത
അവരുടെ പാത്രങ്ങളില്‍
ളമില്ലാതെയലിയാന്‍ .

No comments:

Post a Comment