അവര്‍

തുടക്കത്തില്‍ അവര്‍
എല്ലാവരെയും സ്‌നേഹിച്ചു.
കണ്ണന്‍ച്ചിരട്ടയില്‍
ചുട്ടെടുത്തപ്പം പലപന്തികളിലായി
അവര്‍ മുറുച്ചുമുറിച്ച്‌ വിളമ്പി
എ്‌ല്ലാവരും ഭക്ഷിച്ച്‌ തൃപ്‌തരായി.

പ്രണയത്തില്‍
അവന്‍ അവളെയും
അവള്‍ അവനെയും
വാതോരാതെ സ്‌നേഹിച്ചു.
സ്‌നേഹത്താല്‍ അവര്‍
മണ്ണാങ്കട്ടയും കരിയിലയുമായി
കാറ്റത്ത്‌ പറ്റിപ്പിടിച്ചും
മഴയത്ത്‌ ചേര്‍ത്തുപിടിച്ചും
അവര്‍
ഇനിയൊരിക്കലും അലറിപെയ്യാന്‍
പറ്റാത്തവിധം
സ്‌നേഹത്തിന്റെ റിംങില്‍
കാറ്റിനേം മഴയേം തറപറ്റിച്ചു.

വിവാഹശേഷം
അവന്‍ അവനെയും
അവള്‍ അവളെയും
സ്‌നേഹിച്ചു.
അവന്‍ അവളുടെ
പുറത്തേക്ക്‌ തള്ളിവരുന്ന പല്ലിനെയും
അവള്‍ അവന്റെ
കയറിവരുന്ന കഷണ്ടിയെയും
സദാസമയവും വിളമ്പിക്കൊണ്ടിരുന്നു.

അനന്തരം
മക്കളോരോന്നിനേം ചേര്‍ത്ത്‌
ഇരുമുറികളിവര്‍
മുഖംതിരിച്ചിരിക്കുമ്പോള്‍
നിന്നെ സ്‌നേഹിക്കാനല്ല
നിനക്ക്‌ സ്‌നേഹിക്കാനാ
അവള്‍ എന്ന്‌
കിടപ്പുമുറിയില്‍ ചെന്ന്‌ അവനോടും
അടക്കളേല്‍ കയറി
അവളോടും
ദൈവം കിതച്ചു പറഞ്ഞിട്ടും
അവര്‍ക്കതൊന്നും
മനസ്സിലാകുന്നേയില്ല.

എന്നിട്ടും മക്കളെയവര്‍
തല്ലിപഠിപ്പിക്കും
ദൈവം സ്‌നേഹമാണെന്ന്‌.

1 comment:

  1. നന്നായിരിക്കുന്നു...നന്മകള്‍ നേരുന്നു

    ReplyDelete