ഇല

ഇല
ഇഴപിന്നിയ
ഓര്‍മ്മകളുടെ
കുഞ്ഞുനൂലുകള്‍
ചേര്‍ന്നുണ്ടായത്‌

ഇല
സഞ്ചാരികള്‍ നടത്തിയ
അപഥയാത്രാരേഖകള്‍
കുടഞ്ഞിട്ട കൈപ്പുസ്‌തകം
ഇലയുടെ ഓരങ്ങളില്‍
കപ്പലിന്റെ നങ്കൂരം തട്ടിയ
വടുക്കള്‍.

ഇലയില്‍
എരിഞ്ഞുണങ്ങിയ
പുഴപ്പാടുകള്‍പ്പോലെ
ചത്ത്‌ വിളറിയ ഞരമ്പുകള്‍

കൊഴിയുന്ന ഇല
ഭൂമിയുടെ
മുറിഞ്ഞുവീഴുന്ന
ഭൂപടത്തുണ്ട്‌

ഇല നിവര്‍ത്തികെട്ടിയ
തണല്‍യാത്രകളില്‍
ഇലവച്ചടച്ച
കളിക്കുഴികളെത്രയാണ്‌
വാരിക്കുന്തങ്ങള്‍ നിവര്‍ത്തിയ
ചതിക്കുഴികളായി
വളര്‍ന്നത്‌?

ഇലവച്ചുണ്ണാനിരുന്നപ്പോള്‍
നിറഞ്ഞകണ്‍പരപ്പില്‍
അവന്‍ തലയ്‌ക്കുമുകളില്‍
നിവര്‍ത്തിയ
പ്രണയയിലയുടെ
തണല്‍ കായുകയായിരുന്നു
അവള്‍

ഇത്രമേല്‍ ആയിട്ടും
ഞെട്ടറ്റുവീഴുന്ന
ഇലയില്‍
തിരിച്ചും മറിച്ചും
അവസാനം മുറിച്ചുനോക്കിയിട്ടും
കാണാത്തത്‌
അതിന്റെ പച്ചയാണ്‌.

2 comments:

 1. “ഇത്രമേല്‍ ആയിട്ടും
  ഞെട്ടറ്റുവീഴുന്ന
  ഇലയില്‍
  തിരിച്ചും മറിച്ചും
  അവസാനം മുറിച്ചുനോക്കിയിട്ടും
  കാണാത്തത്‌
  അതിന്റെ പച്ചയാണ്‌.”

  വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 2. “ഇത്രമേല്‍ ആയിട്ടും
  ഞെട്ടറ്റുവീഴുന്ന
  ഇലയില്‍
  തിരിച്ചും മറിച്ചും
  അവസാനം മുറിച്ചുനോക്കിയിട്ടും
  കാണാത്തത്‌
  അതിന്റെ പച്ചയാണ്‌.”

  ഞാനും പറയുന്നു ഈ വരികൾ എനിക്കും ഇഷ്ടമായി

  ReplyDelete